484 ബില്യണ്‍ ഡോളറിന്റെ പാക്കേജ്; യു.എസ് പ്രതിനിധി സഭയില്‍ വോട്ടെടുപ്പ്

ചെറുകിട ബിസിനസ് സംരംഭങ്ങളെയും ആശുപത്രികളെയും സഹായിക്കാനുള്ള 484 ബില്യണ്‍ ഡോളര്‍ പാക്കേജില്‍ യു.എസ് പ്രതിനിധി സഭയില്‍ വ്യാഴാഴ്ച വോട്ടെടുപ്പ്. പ്രമേയം യു.എസ് സെനറ്റ് ചൊവാഴ്ച പാസാക്കിയിരുന്നു. ജന പ്രതിനിധി സഭ കൂടി അംഗീകരിച്ചാല്‍ ബില്‍ അന്തിമ അംഗീകാരത്തിനായി പ്രസിഡന്റിന്റെ മുന്നിലെത്തും. ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്കായി 321 ബില്യണ്‍ ഡോളര്‍ ബില്ലില്‍ മാറ്റിവെച്ചിട്ടുണ്ട്. പ്രത്യേക ദുരന്തര നിവാരണ വായ്പ പദ്ധതിക്കായാണ് 60 ബില്യണ്‍ ഡോളര്‍. അതും ചെറുകിട ബിസിനസ് മേഖലക്കാണ് അനുവദിക്കുക. 75 ബില്യണ്‍ ഡോളര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും. 25 ബില്യണ്‍ ഡോളര്‍ ദേശീയ കോവിഡ് പരിശോധന പ്രവര്‍ത്തനങ്ങള്‍ക്കായും ബില്ലില്‍ വകയിരുത്തിയിരിക്കുന്നത്. അതേസമയം, ബില്‍ വ്യാഴാഴ്ച തന്നെ പാസാക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരമൊരു പാക്കേജ് വളരെ അത്യാവശ്യമാണ്. കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന ബിസിനസ് സംരംഭങ്ങളെ നിലനിര്‍ത്തേണ്ടതുണ്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്രയുംവേഗം ബില്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നാന്‍സി പെലോസി പറഞ്ഞു.