400 രഹസ്യ തടവറകള്‍ പണിത് ചൈന; അടിമവേലയും തടവുകാരോട് കൊടും ക്രൂരതയും: തെളിവുകളുമായി ഓസ്‌ട്രേലിയ

സിഡ്‌നി: ചൈനയുടെ മനുഷ്യാവകാശ ക്രൂരതകള്‍ തുറന്നുകാട്ടി ഓസ്‌ട്രേലിയന്‍ രഹസ്യാന്വേഷണ ഗവേഷണ വിഭാഗം. ചൈനയില്‍ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ പുതിയ വാര്‍ത്തകളാണ് ഓസ്‌ട്രേലിയ പുറത്തുവിട്ടത്. അടിമവേല ചെയ്യിക്കാന്‍ ഭരണകൂട വിമതരേയും ന്യൂനപക്ഷങ്ങളേയും ഇടാനായി 400 തടവറകള്‍ പണിതുകൂട്ടിയതായാണ് വിവരം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തടവറകളുടെ എണ്ണം കൂട്ടിയെന്നാണ് കണ്ടെത്തല്‍.
തടവിലാക്കുന്ന ന്യൂനപക്ഷങ്ങളെ പുതിയ പൗരന്മാരാക്കലാണ് ഉദ്ദേശമെന്നാണ് ബിജിംഗിന്റെ നയം. പുനര്‍ വിദ്യാഭ്യാസ പദ്ധതിക്കായി 14 കേന്ദ്രങ്ങളുണ്ടെന്നാണ് ചൈന പറയുന്നത്. എന്നാല്‍ എല്ലാം തടവറകളാണെന്ന കാര്യം ചൈന മറച്ചുവയ്ക്കുന്നു. മുസ്ലീം മതത്തിനെതിരെ കടുത്ത നടപടി എടുക്കുന്ന ചൈനയ്‌ക്കെതിരെ ഇതുവരെ ഒരു മുസ്ലീം രാജ്യങ്ങളും പ്രതികരിച്ചിട്ടില്ലെന്നതും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

ഉയിഗുര്‍ സമൂഹത്തിലെ 30 ലക്ഷത്തിനിടുത്ത് ജനവിഭാഗങ്ങളെ സിന്‍ജിയാംഗ് മേഖലയില്‍ മാത്രം തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കാലങ്ങളായുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതികാര രീതികളെ മനുഷ്യാവകാശ സംഘടനകള്‍ നേരത്തേ പുറത്തുവിട്ടിരുന്നു . ആഗോളതലത്തിലെ ചൈനയുടെ എല്ലാ ഉൽപ്പന്നങ്ങളും നിര്‍മ്മിക്കുന്നത് ഇത്തരം തടവുകാരെ പകലന്തിയോളം പണിയെടുപ്പിച്ചാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയധികം ജനങ്ങളെ ഒരു രാജ്യം തടവിലിട്ടിട്ടും ചൈനയ്‌ക്കെതിരെ നടപടി എടുക്കാത്തതിന് അമേരിക്ക കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു. യൂറോപ്പ്യന്‍ യൂണിയനുകളും ചൈനയുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നിരാകരിക്കാന്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഉദാഹരണങ്ങളാണ് കാരണമായി പറയുന്നത്. ഇതിനിടെയാണ് ഓസ്‌ട്രേലിയ കൂടുതല്‍ തെളിവുകള്‍ നിരത്തിയിരിക്കുന്നത്.