ടെക്‌സസില്‍ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാമ്പ് പുതുക്കാമെന്ന് ഗവര്‍ണര്‍

ഓസ്റ്റിന്‍: ജുലായ്, ആഗസ്റ്റ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റര്‍വ്യൂകളോ ഇല്ലാതെ ഓട്ടോമാറ്റിക്കായി പുതുക്കി നല്കുന്നതാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രേറ്റ് എബര്‍ട്ട് പറഞ്ഞു. ടെക്‌സസിലെ 1.4 മില്യന്‍ കുടുംബങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിന് വേണ്ടി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ 276000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാമ്പ് കാലാവധിയാണ് അവസാനിക്കുന്നത്.

തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഫുഡ് സ്റ്റാമ്പിന് മൂന്നാഴ്ചത്തേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട പുതിയ കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നു. ഫുഡ് സ്റ്റാമ്പ് നല്‍കുന്നതിനാവശ്യമായ അംഗീകാരം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

സ്‌കൂളുകള്‍ അടച്ചതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിന് പരിഹാരമായി ഓരോ വിദ്യാര്‍ഥിക്കും ഭക്ഷണം വാങ്ങുന്നതന് 285 ഡോളര്‍ വീതം നല്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

2.8 മില്യണ്‍ കുട്ടികള്‍ക്ക് ഇതേ ആവശ്യത്തിനായി 790 മില്യന്‍ ഡോളറാണ് ഇതുവരെ നല്കിയിട്ടുള്ളത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണം നല്കുന്നതിനുള്ള പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ ലഭിക്കുന്നതിനുള്ള കര്‍മ പരിപാടികളും ഗവണ്‍മെന്റ് സ്വീകരിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.