ഹോങ്കോങ്: ചൈനക്കെതിരെ ഈ ആഴ്ച നടപടിയെന്ന് ട്രംപ്

ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടര്‍ന്ന്, ഈ ആഴ്ച ചൈനയ്ക്കെതിരെ നടപടിയെടുക്കാന്‍ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഹോങ്കോങ്ങിലെ ചൈനയുടെ നടപടികളില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ പോകുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. ‘ഞങ്ങള്‍ ഇപ്പോള്‍ എന്തെങ്കിലും ചെയ്യും. നിങ്ങള്‍ ഇത് വളരെ രസകരമായി കാണുമെന്ന് ഞാന്‍ കരുതുന്നു. പക്ഷേ ഇന്ന് ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കില്ല. അത് നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്ന കാര്യമാണ്. ആഴ്ച അവസാനിക്കുന്നതിനു മുന്‍പ്’- ട്രംപ് പറഞ്ഞു. ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തില്‍ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നു. ചൈനീസ് നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്വതന്ത്രത്തെ പരിമിതപ്പെടുത്താനാണ് ചൈനീസ് നീക്കമെന്നും അനുവദിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ചൈനയുടെ നീക്കം വ്യക്തമല്ലെങ്കിലും വേണ്ട സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.