ഹൂസ്റ്റണില്‍ 19 മില്യന്‍ റന്റല്‍ അസിസ്റ്റന്റ്‌സ് പ്രോഗ്രാം അനുവദിച്ച് മേയര്‍

കോവിഡ് 19 പാന്‍ഡമിക്കിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ഹൂസ്റ്റണ്‍ ജനതക്ക് സഹായഹസ്തവുമായി മേയര്‍.മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയും വാടക നല്‍കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനെ തുടര്‍ന്ന് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി 19 മില്യന്‍ ഡോളറിന്റെ ഫണ്ടാണ് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സിറ്റി കെയേഴ്‌സ് ആക്ട് ഫണ്ടില്‍ നിന്നും 14 മില്ല്യനും പ്രൈവറ്റ് ഡൊണേഷനായി ലഭിച്ച 4 മില്യനും ഉള്‍പ്പെടെയാണ് 19 മില്യന്‍ ഡോളര്‍ 36 മണിക്കൂറിനുള്ളില്‍ സമാഹരിക്കുവാന്‍ കഴിഞ്ഞതെന്ന് മേയര്‍ ജൂലായ് 31-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 600 ഡോളര്‍ തൊഴില്‍ രഹിത വേതനം നഷ്ടപ്പെടുന്നു എന്ന വാര്‍ത്ത വന്ന ദിവസം തന്നെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുവാന്‍ കഴിഞ്ഞതെന്നും മേയര്‍ പറഞ്ഞു. ഫെഡറല്‍ റിലീഫ് ഫണ്ടും ലീഗല്‍ അസിസ്റ്റന്‍സും ലഭിക്കുവാന്‍ അര്‍ഹതയില്ലാത്തവരുടെ വാടക ന ല്‍കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുക. മെയ് മാസം റെന്റല്‍ റിലീഫ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായ 13,000 പേര്‍ക്കു പുറമെയാണ് ഈ സഹായത്തിന് അര്‍ഹത ലഭിക്കുന്നത്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ആദ്യ എന്ന അടിസ്ഥാനത്തിലാണ് സഹായ ധനം വിതരണം ചെയ്യുകയെന്നും മേയര്‍ പറഞ്ഞു.ജനങ്ങള്‍ സാമ്പത്തിക ക്‌ളേശം അനുഭവിക്കുമ്പോള്‍ അവരെ കുടിയൊഴിപ്പിക്കുക എന്നത് വേദനാജനകമാണ് എന്നതിനാലാണ് സിറ്റി ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മേയര്‍ പറഞ്ഞു.