ഹസ്തദാനത്തിന് പെലോസി കൈ നീട്ടി; കൈ കൊടുക്കാതെ ട്രംപ്, പ്രസംഗത്തിന്റെ പകര്‍പ്പ് കീറി നാന്‍സി പെലോസി

യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഹസ്തദാനം നിഷേധിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് പ്രസംഗത്തിന്റെ പകര്‍പ്പ് നാന്‍സി പെലോസിക്ക് കൊടുത്തു. അവര്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടി. എന്നാല്‍ ട്രംപ് മുഖം തിരിച്ച് നടക്കുകയായിരുന്നു. ജനാധിപത്യമര്യാദ അനുസരിച്ച്, ഹൗസ് സ്പീക്കര്‍ എന്ന ഉന്നതമായ പദവി വഹിക്കുന്നയാള്‍ക്ക് പ്രസിഡന്റ് ഹസ്തദാനം ചെയ്യുന്നത് പതിവാണ്. എന്നാല്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്ത, അതിനായി ശക്തമായി മുന്നോട്ടുപോയ ഡെമോക്രാറ്റുകളുടെ നേതാവായ നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് അധിക്ഷേപിക്കുകയായിരുന്നു എന്ന ആരോപണങ്ങള്‍ വ്യാപകമാണ്. എന്നാല്‍ അതേ വേദിയില്‍ വച്ച് നാന്‍സി പെലോസി ഇതിന് പകരം വീട്ടുന്ന ദൃശ്യങ്ങളും ശ്രദ്ധേയമായി. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ച് കീറുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.