സൗദി സ്വകാര്യമേഖലയിൽ പുരുഷ, വനിതാ ജീവനക്കാര്‍ക്ക് ഒരേ ശമ്പളം; വിവേചനം പാടില്ലെന്ന് മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പുരുഷ, വനിതാ ജീവനക്കാരുടെ ശമ്പള സ്‌കെയിലുകളുടെ കാര്യത്തില്‍ ലിംഗവിവേചനം പാടില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തുമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദി തൊഴില്‍ വിപണിയിലെ സംഭവവികാസങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയിലെ തൊഴില്‍ അന്തരീക്ഷം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം നിരവധി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ തൊഴിലുടമ ജോലിക്കാരെ നിയമിക്കുമ്പോള്‍ ലിംഗഭേദം, പ്രായം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് വിവേചനം കാണിക്കുന്നത് നിരോധിച്ചിരിക്കുന്നു. തൊഴിലാളിയുടെ സ്വാതന്ത്ര്യത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദം ചെലുത്തുന്നതില്‍ നിന്നും തൊഴിലുടമയെ വിലക്കിയിട്ടുണ്ട്. കരാറില്‍ കൃത്യമായി സൂചിപ്പിക്കാത്ത ജോലികള്‍ ചെയ്യാനോ വസ്ത്രധാരണത്തിന്റെ കാര്യത്തിലോ ജീവനക്കാരെ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അമിത ജോലികള്‍ ചെയ്യിപ്പിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ തൊഴിലുടമക്ക് അവകാശമില്ല.

ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്ത രീതിയില്‍ തെന്റ തൊഴിലാളികളുടെ യൂനിഫോം തൊഴിലുടമ പ്രഖ്യാപിച്ചിരിക്കണം. പൊതുമാന്യതക്ക് യോജിക്കാത്ത സ്വഭാവമോ പെരുമാറ്റമോ തൊഴിലാളിയില്‍ അടിച്ചേല്‍പ്പിക്കുന്നതിനും തൊഴിലുടമയ്ക്ക് അനുവാദമില്ലെന്ന് മന്ത്രാലയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.