സൗദിയില്‍ 38 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 38 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 171 ആയി. ഇതില്‍ ആറുപേര്‍ ഇതിനകം സുഖം പ്രാപിച്ചു. ബാക്കി 165 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച 15 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ, ചൊവ്വാഴ്ച 38പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പ്രവാസികളടക്കമുള്ളവര്‍ കനത്ത ആശങ്കയിലാണ്. സൗദി പൗരനെ കൂടാതെ, മൊറോക്കോ, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലണ്ട്, ജോര്‍ദ്ദാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.