സ്പേസ് എക്‌സ് സഞ്ചാരികള്‍ നാളെ കടലില്‍ ഇറങ്ങും

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്സ് കമ്ബനിയുടെ ക്രൂഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാസയുടെ രണ്ട് സഞ്ചാരികളുമായി നാളെ ഭൂമിയില്‍ തിരിച്ചെത്തും. പേടകം ഇന്ന് സന്ധ്യയ്ക്ക് 7.34ന് ( ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.04ന് ) നിലയത്തില്‍ നിന്ന് വേര്‍പെടും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പ്രാദേശിക സമയം ഞായറാഴ്ച പകല്‍ 2.42ന് ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.12ന് പേടകം ഫ്‌ലോറിഡയ്ക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കും. നാസയുടെ ബോബ് ബെന്‍കെനും ഡഗ് ഹര്‍ലിയുമാണ് ക്രൂഡ്രാഗണിലെ സഞ്ചാരികള്‍.ഇവര്‍ 64 ദിവസം നിലയത്തില്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായി. നാല് തവണ ബഹിരാകാശത്ത് ഇറങ്ങി. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റില്‍ മേയ് 30നാണ് ക്രൂ ഡ്രാഗണ്‍ പേടകം വിക്ഷേപിച്ചത്.അവര്‍ മടങ്ങി വരുന്നതോടെ, സ്വകാര്യ മേഖലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച റോക്കറ്റും മനുഷ്യ പേടകവും ഉപയോഗിച്ച് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായിരിക്കും ഇത്.