സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്ന്; മലയാളത്തിന് അഭിമാനത്തിളക്കം

സ്തനാര്‍ബുദ ചികിത്സക്ക് പുതിയ മരുന്നു കണ്ടുപിടിച്ച് അമേരിക്കന്‍ മലയാളിയായ സെബാസ്റ്റ്യന്‍ ആന്റണി. ട്രോഡെല്‍വി എന്ന പേരിലുള്ള പുതിയ മരുന്ന് ഉപയോഗിക്കാന്‍ എഫ്.ഡി.എ യുടെ അനുമതിയും ലഭിച്ചു. വിശദമായ റിപ്പോര്‍ട്ടിലേക്ക്. ഇനി മുതല്‍ ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ രോഗികളെ ചികിത്സിക്കാന്‍ ട്രോഡെല്‍വി മരുന്ന് അമേരിക്ക വിപണിയില്‍ ലഭ്യമാകും. ട്രോഡെല്‍വി കുത്തിവയ്പ് രോഗികളില്‍ 33 ശതമാനത്തിലേറെ അര്‍ബുദം ഭാഗികമായോ പൂര്‍ണമായോ ചുരുങ്ങുകയും, അവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടുപിടിച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഡി.എ ഈ മരുന്ന് രോഗികളുടെ ചികിത്സക്ക് ലഭ്യമാക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ന്യൂജഴ്സിയിലെ ഇമ്യൂണോമെഡിക്സ് എന്ന ബയോ – ഫര്‍മാസ്യൂട്ടിക്കല്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ഡയറക്ടറായിരുന്ന ഡോ. പയസ് മാളിയേക്കല്‍ ആണ് ഇതിനുപിന്നില്‍. ട്രിപ്പിള്‍ നെഗറ്റീവ് ബ്രസ്റ്റ് കാന്‍സര്‍ വളരെയധികം അപകടകാരിയും ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. പ്രത്യേകിച്ചും രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞാല്‍. നിലവിലുള്ള കീമോ മരുന്നുകള്‍ കൊണ്ട് ഇത്തരം രോഗികളില്‍ സാധാരണ 10 ശതമാനത്തില്‍ താഴെ മാത്രമേ ഫലം കാണുകയുള്ളൂ.മാത്രമല്ല, ഇവരില്‍ 1 – 2 മാസങ്ങള്‍ക്കുള്ളില്‍ രോഗം സാധാരണ തിരിച്ചുവരികയും ചെയ്യും. അതായത്, ഈ രോഗം വ്യാപിച്ചു കഴിഞ്ഞാല്‍ ആയുസ് വളരെ കുറച്ചു മാസങ്ങള്‍ മാത്രം. ഐ.വി. ഇന്‍ജക്ഷനായി നല്‍കുന്ന ട്രോഡെല്‍വി അര്‍ബുദ കോശങ്ങളിലെ ട്രോപ്-2 റിസപ്റ്ററിനെ ലക്ഷ്യമാക്കി രക്തത്തില്‍ എത്തി അര്‍ബുദ കോശങ്ങളില്‍ പറ്റിപ്പിടിക്കുകയും അതിനകത്ത് കടന്നുകൂടുകയും ചെയ്യുന്നു. കോശങ്ങള്‍ക്കകത്തുള്ള പ്രത്യേക സാഹചര്യത്തില്‍ ട്രോഡെല്‍വിയുടെ ലിങ്കര്‍ വിഘടിച്ച് എസ്.എന്‍-38 നെ സ്വതന്ത്രമാക്കുമ്പോള്‍ അര്‍ബുദ കോശങ്ങള്‍ നശിക്കുകയും ചെയ്യുന്നു. ട്രോഡെല്‍വി സാധാരണ കോശങ്ങളെ ആക്രമിക്കാത്തതുകൊണ്ട് മറ്റുള്ള കീമോ മരുന്നകളെ അപേക്ഷിച്ച് ഇതിന് പാര്‍ശ്വഫലങ്ങള്‍ കുറവാണ്.

എറണാകുളം ജില്ലയില്‍ കുഴുപ്പിള്ളിയിലെ പരേതരായ മാളിയേക്കല്‍ പൗലോസ് ന്‍ടേയും റോസിയുടേയും മകനാണ് പയസ്സ്. കേരളാ സര്‍വകലാശാലയില്‍ നിന്ന് ബി.ഫാം ഒന്നാം റാങ്ക് നേടി സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. തുടര്‍ന്ന് നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോട് കൂടി എം.ഫാം ബിരുദം നേടി. പി.ടി.സി തെറാപ്യൂട്ടിക്സ് എന്ന കമ്പനിയുടെ ക്ലിനിക്കല്‍ ഗവേഷണത്തിന്റെ ഓങ്കോളജി വിഭാഗത്തിന്റെ ഡയറക്ടര്‍ ആയി സേവനമനുഷ്ടിക്കുന്ന പയസ്സിന് ഇപ്പോള്‍ ലുക്കീമിയ , ഓവേറിയന്‍ കാന്‍സര്‍ , സര്‍ക്കോമ , തലച്ചോറിലെ ട്യൂമര്‍ എന്നീ അര്‍ബുദ രോഗചികിത്സാ പഠനങ്ങളുടെ ചുമതലയാണ്.എത്രമാത്രം ക്ഷമയും, കഠിനാധ്വാനവും, സമര്‍പ്പണവും, റിസ്‌ക് എടുക്കാനുള്ള ആത്മദ്യര്യവും ഗവേഷകര്‍ക്ക് വേണമെന്നുള്ളതിന്റെ ഉദാഹരണമാണ് പയസ്സ്.