സിറിയയ്ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണം; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിംങ്ടണ്‍; സിറിയന്‍ സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്ക് റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയിലെ വിമത സ്വാധീനമുള്ള പ്രദേശങ്ങളില്‍ യുദ്ധം പതിവായ സാഹചര്യത്തിലാണ് ട്രംപിന്റെ അഭ്യര്‍ത്ഥന. സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുക, അസദ് സര്‍ക്കാരിന് റഷ്യ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക എന്നീ കാര്യങ്ങളാണ് യുഎസ് ആഗ്രഹിക്കുന്നത്. തുര്‍ക്കി പ്രസിഡന്റ് റഡബ് ത്വയ്യിദ് ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. സിറിയയില്‍ വലിയ ജീവഹാനികള്‍ ഒഴിവാക്കുന്നതില്‍ തുര്‍ക്കി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇദ്‌ലിബിലെ സംഘര്‍ഷത്തില്‍ ആശങ്കയുള്ളതായി ട്രംപ് പറഞ്ഞുവെന്ന് പ്രസ്താവനിയില്‍ വ്യക്തമാക്കുന്നു. ലിബിയന്‍ പ്രശ്‌നവും ട്രംപും ഉര്‍ദുഗാനും ചര്‍ച്ച ചെയ്തു. ലിബിയയിലെ വിദേശ ഇടപെടലുകള്‍ അവിടത്തെ സ്ഥിതി മോശമാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും ട്രംപ് ആവര്‍ത്തിച്ചു.