ഷീ ജിന്‍പിങ്ങുമായുള്ള ബന്ധത്തില്‍ മാറ്റം സംഭവിച്ചത് കോവിഡിനുശേഷം: ഡോണള്‍ഡ് ട്രംപ്

കോവിഡിനെത്തുടര്‍ന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള ബന്ധത്തില്‍ മാറ്റം സംഭവിച്ചതെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഷീ ജിന്‍പിങ്ങുമായുണ്ടായിരുന്ന നല്ല ബന്ധം തകര്‍ന്നു. ദീര്‍ഘനാളായി ചൈനീസ് ഭരണാധിപനുമായി സംസാരിച്ചിട്ടില്ലെന്നും ഫോക്സ് സ്പോര്‍ട്സ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഷി ജിന്‍പിങ്ങുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് 2020ന്റെ തുടക്കത്തില്‍ ഇരുനേതാക്കളും ഒപ്പുവെച്ച ഫേസ് വണ്‍ വ്യാപാര കരാര്‍ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അദ്ദേഹവുമായി മികച്ച ബന്ധമായിരുന്നു. വളരെ ഇഷ്ടവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. കോവിഡിനെത്തുടര്‍ന്ന് അത്തരത്തിലുള്ള വികാരങ്ങള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ വളരെ വ്യത്യസ്തത തോന്നുന്നു. നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഷീ ജിന്‍പിങ്ങുമായി വളരെക്കാലമായി സംസാരിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നവംബര്‍ മൂന്ന് തെരഞ്ഞെടുപ്പിലൂടെ രണ്ടാംതവണയും പ്രസിഡന്റ് സ്ഥാനം സ്വപ്നം കാണുന്ന ട്രംപ് 2016ലെ നയം തന്നെയാണ് ആവര്‍ത്തിക്കുന്നത്. ചൈനക്കെതിരായ പരാമര്‍ശങ്ങളും വെല്ലുവിളികളുമായാണ് 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ട്രംപ് നിറഞ്ഞുനിന്നത്. എന്നാല്‍ അധികാരമേറ്റയുടനെ ചൈനയുമായും ഷീ ജിന്‍പിങ്ങുമായും സൗഹൃദം സ്ഥാപിച്ചു. ദ്വികക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി പരസ്പര സഹകരണവും വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, വ്യാപാരയുദ്ധത്തേക്കാള്‍ മോശമാണ് കോവിഡിനുശേഷമുള്ള ദ്വികക്ഷി ബന്ധമെന്ന് ട്രംപ് വ്യക്തമാക്കി. വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയത്തിന്റെ ആയിരം ഇരട്ടി പ്രശ്നങ്ങളാണിപ്പോള്‍. ഇത് മരണവുമായി ബന്ധപ്പെട്ടതാണ്. ലോകമൊന്നാകെ അടച്ചിടേണ്ടിവന്നതിനെക്കുറിച്ചാണ്. അത് അപമാനകരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് യു.എസും ചൈനയും തമ്മിലുള്ള ദ്വികക്ഷി ബന്ധം കൂടുതല്‍ രൂക്ഷമായത്. ലോകാരോഗ്യ സംഘടനയിലെ ചൈനീസ് ഇടപെടലുകളും ഹോങ്കോങ്ങിലെ ഏകാധിപത്യ നടപടികളുമൊക്കെ യു.എസ് ചോദ്യം ചെയ്തു. കൂടാതെ, ദക്ഷിണ ചൈന കടലില്‍ സേനാവിന്യാസവും നടത്തി. അമേരിക്കന്‍ നടപടികളെ അതേനാണയത്തില്‍ ചൈനയും തിരിച്ചടിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. നയതന്ത്ര ഉദ്യോഗസ്ഥരിലേക്കും പിന്നീട് എംബസി തല പോരിലേക്കും അത് വളരുകയായിരുന്നു.