വൈറസിനെ മനുഷ്യശരീരത്തിലേക്ക് കടത്തുന്ന കോവിഡ് സ്‌പൈക്ക് പ്രോട്ടീനുകളുടെ മാപ്പിങ് നടത്തി ഗവേഷക ലോകം; ഇനി വാക്‌സിന്‍ കണ്ടെത്തലിന് വേഗമേറും

പുതിയ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും. അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോൾ ലോകത്തിനു മുന്നിൽ തെളിഞ്ഞിരിക്കുന്നത്.

ഒരു മുഴുനീള സ്പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക (All-atom Modeling) മാത്രമല്ല അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപൺ സോഴ്സും ചെയ്തിരിക്കുകയാണിപ്പോൾ ഒരു കൂട്ടർ വിദഗ്ധർ. ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഗവേഷകരാണ് വിഡിയോ കോണ്‍ഫറൻസിങ്ങിലൂടെ ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പർ കംപ്യൂട്ടറായ ന്യൂറിയോൺ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതിൽ നിർണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്.

അതിസങ്കീർണമായ ജൈവതന്മാത്രാ സംവിധാനങ്ങളുടെ കംപ്യൂട്ടർ മോഡലുകൾ എളുപ്പത്തിലും വേഗത്തിലും തയാറാക്കുന്നതിനു വേണ്ടി തയാറാക്കിയ www.charmm-gui.org എന്ന വെബ്സൈറ്റിലാണ് കൊറോണ വൈറസിന്റെ ആറ്റം മോഡലിങ് വിവരങ്ങളുള്ളത്. അതിസൂക്ഷ്മമായ വിവരങ്ങൾ വരെ ഇതുപയോഗിച്ചു രേഖപ്പെടുത്താനാകും. വൈറസുകളുടെ അതിസങ്കീർണ തന്മാത്രാ സംവിധാനങ്ങളെ നിരീക്ഷിക്കാൻ സഹായിക്കുന്ന ‘കംപ്യൂട്ടർ മൈക്രോസ്കോപ്’ എന്നാണ് ചാം ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (CHARMM GUI) പ്രോഗ്രാമിങ് ടൂളിനെ ഗവേഷകർ വിശേഷിപ്പിച്ചത്. മറ്റൊരു മാർഗത്തിലൂടെയും നിലവിൽ ഇത്രയേറെ സൂക്ഷ്മ നിരീക്ഷണം സാധ്യമല്ല.