വീഡിയോ ഷെയര്‍ ചെയ്ത പ്രസിഡന്റ് ട്രംപിനെതിരെ ആന്റണി ഫൗച്ചി

കോവിഡ് പ്രതിരോധത്തിന് മാസ്‌ക് നിര്‍ബന്ധമല്ലെന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് രൂക്ഷവിമര്‍ശനം. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഡോ.ആന്റണി ഫൗച്ചിയാണ് ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ട്രംപിന്റെ പ്രവൃത്തി ആര്‍ക്കെങ്കിലും സഹായകരമാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് ഫൗച്ചി പറഞ്ഞു. അതേസമയം, അത്തരമൊരു വീഡിയോ ട്രംപ് ഷെയര്‍ ചെയ്തതോടെ ആളുകള്‍ ശരിയേത് തെറ്റേത് എന്ന ആശയക്കുഴപ്പത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധനത്തിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഏറെ ഫലപ്രദമാണെന്ന് ചൂണ്ടിക്കാട്ടി ഒരുപറ്റം ഡോക്ടര്‍മാര്‍ ചെയ്ത വീഡിയോ ആണ് ട്രംപ് ഷെയര്‍ ചെയ്തത്. എന്നാല്‍, ഈ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്തു. പക്ഷേ, നീക്കം ചെയ്യുന്നതിന് മുന്നേ ഈ വീഡിയോ 17 മില്യണ്‍ ആളുകളിലേക്ക് എത്തപ്പെട്ടിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്നും മാസ്‌ക് നിര്‍ബന്ധമല്ലെന്നുമെല്ലാം വീഡിയോയില്‍ പറഞ്ഞിരുന്നു. ആരോഗ്യരംഗമൊന്നാകെയും ലോകാരോഗ്യ സംഘടനയും കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപ് വീഡിയോ ഷെയര്‍ ചെയ്തത്.