വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ സുരക്ഷിതര്‍,ദുബൈയില്‍ വിദ്യാലയങ്ങള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍

ദുബൈ: വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണെന്നും ദുബൈയിലെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി ദുബൈ നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അതേസമയം, സ്‌കൂളുകളിലെ പ്രഭാത അസംബ്ലികള്‍, കായിക മല്‍സരങ്ങള്‍, സംഗീത പരിപാടികള്‍, വിനോദ യാത്രകള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കൊച്ചുകുട്ടികളുടെ സുരക്ഷ പരിഗണിച്ച് നഴ്‌സറികള്‍ക്ക് മാര്‍ച്ച് 15വരെ അവധി നല്‍കിയിട്ടുമുണ്ട്. രക്ഷിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും കെ.എച്ച്.ഡി.എ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. യു.എ.ഇയില്‍ 21പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ അഞ്ചുപേര്‍ ഇതിനകം പൂര്‍ണ സുഖം പ്രാപിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.