വിക്കിലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാഞ്ചെക്കെതിരെ പുതിയ കുറ്റാരോപണങ്ങളുമായി അമേരിക്ക

വാഷിങ്‌ടൺ:വിക്കിലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാഞ്ചെക്കെതിരെ പുതിയ കുറ്റാരോപണങ്ങളുമായി അമേരിക്ക. യൂറോപ്പിലും ഏഷ്യയിലും നടന്ന സമ്മേളനങ്ങളിൽ നിന്ന്‌ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർത്താൻ ഹാക്കർമാരെ നിയമിച്ചു, ലുൾസെക്ക്‌, അനോണിമസ്‌ എന്നീ ഹാക്കിങ് സംഘടനകളുമായി ഗൂഢാലോചന നടത്തി എന്നിവയാണ്‌ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ ആരോപണം. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച്‌ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തിയെന്നും ആരോപണമുണ്ട്‌. നീതിന്യായ വകുപ്പ്‌ കഴിഞ്ഞവർഷം പുറത്തുവിട്ട കുറ്റാരോപണങ്ങൾ അല്ലാതെ പുതുതായി കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ, അസാഞ്ചെക്കെതിരെയുള്ള ആരോപണം ലോകത്തെ മാധ്യമപ്രവർത്തകർക്ക്‌ നേരെയുള്ള വെല്ലുവിളിയാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനെ ചോദ്യം ചെയ്യുന്നതാണെന്നും അസാഞ്ചെയുടെ അഭിഭാഷകൻ ബാരി പൊള്ളോക്ക്‌ പറഞ്ഞു.