വാവെ, ഇസെഡ്.ടി.ഇ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് അമേരിക്ക

ചൈനീസ് കമ്പനികളായ വാവെ ടെക്നോളജി, ഇസെഡ്.ടി.ഇ കോര്‍പ്പറേഷന്‍ എന്നിവ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് അമേരിക്ക. ചൈനീസ് സൈന്യവും സുരക്ഷാ ഏജന്‍സികളുമായി വാവെ, ഇസെഡ്.ടി.ഇ എന്നിവക്കുള്ള ബന്ധം കണക്കിലെടുത്ത് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിന് കീഴിലുള്ള പദ്ധതികള്‍ക്കുള്ള സപ്ലയര്‍മാരില്‍ നിന്ന് ഇരു കമ്പനികളെയും അമേരിക്ക പുറത്താക്കി. ചെറുകിട കമ്പനികള്‍ വളരെ കുറഞ്ഞവിലയില്‍ നെറ്റ്വര്‍ക്ക് സാമഗ്രികള്‍ തേടുന്ന അമേരിക്കന്‍ വിപണിയില്‍നിന്ന് ചൈനീസ് നിര്‍മ്മാതാക്കളെ പുറത്താക്കുന്നതിന്റെ ആദ്യ പടിയാണ് അമേരിക്കയുടെ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ എല്ലാ വിവരസാങ്കേതിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എന്ന ഏജന്‍സിയാണ്. ഇന്നുമുതല്‍ ഈ രണ്ടുകമ്പനികളും നല്‍കുന്ന ഒരു സേവനത്തിനും യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിക്കില്ലെന്ന് എഫ്.സി.സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വാവെയെയും ഇസെഡ്.ടി.ഇയെയും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനോ രാജ്യസുരക്ഷയ്ക്ക് വിള്ളലേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനോ സമ്മതിക്കില്ലെന്നും അധികൃതര്‍ പറയുന്നു. 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതിനുപിന്നാലെയാണ് ചൈനക്കെതിരെ അമേരിക്കയും രംഗത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.