വാര്‍ത്താ പരിപാടിക്കിടെ ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം

കോവിഡ് വ്യാപന വിഷയം ചര്‍ച്ചചെയ്യുന്ന വാര്‍ത്താ പരിപാടിക്കിടെ അവതാരകര്‍ തമ്മില്‍ വാക്കു തര്‍ക്കം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തില്‍ സിഎന്‍ബിസി ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് രണ്ട് അവതാരകര്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ചാനലിന്റെ മോര്‍ണിങ് ഷോയില്‍ വാര്‍ത്താ അവതാരകരായ അന്‍ഡ്രു റോസ് സോര്‍കിനും ജോ കെര്‍നനും തമ്മിലാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രകീര്‍ത്തിക്കുകയും അമേരിക്കന്‍ സമ്പദ് രംഗം പുരോഗതിയിലാണെന്നുമുള്ള ജോ കെര്‍നന്റെ നിലപാടാണ് സഹഅവതാരകനായ സോര്‍കിനെ ചൊടിപ്പിച്ചത്. ‘നിങ്ങള്‍ ഒന്നിനെക്കുറിച്ചും പേടിക്കുന്നില്ല. ഒരു ലക്ഷത്തോളം ജനങ്ങള്‍ രാജ്യത്ത് മരിച്ചു കഴിഞ്ഞു. നിങ്ങളെല്ലാവരും സുഹൃത്തായ പ്രസിഡന്റിനെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും’ ചര്‍ച്ചയ്ക്കിടെ സോര്‍കിന്‍ ആരോപിച്ചു. എല്ലാ ദിവസവും ഈ പരിപാടിയിലുടെ കെര്‍നന്‍ സ്വന്തം പദവി ദുരുപയോഗം ചെയ്തെന്നും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ സോര്‍കിന്‍ തുറന്നിടച്ചു. എന്നാല്‍ സോര്‍കിന്റെ നിലപാട് അന്യായമാണെന്നും രാജ്യത്തെ നിക്ഷേപകര്‍ക്ക് മാനസിക പിന്തുണ നല്‍കി സഹായിക്കാന്‍ മാത്രമാണ് താന്‍ പരിപാടിയിലൂടെ ശ്രമിച്ചതെന്നും കെര്‍നന്‍ വിശദീകരിച്ചു. അല്‍പം നേരം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച പുരോഗമിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച സഹഅവതാകരനെതിരെ ശബ്ദം ഉയര്‍ത്തിയ സോര്‍കിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോര്‍കിനെ ഇതുവരെ ഇത്ര ദേഷ്യത്തോടെ കണ്ടിട്ടില്ലെന്നും ചിലര്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് അടിക്കുറിപ്പായി എഴുതി.