ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിര്‍ത്തി ; യു.എസ്.

വാഷിങ്ടണ്‍ : ലോകാരോഗ്യ സംഘടനയുമായുള്ള രാജ്യത്തിന്റെ ബന്ധം അമേരിക്ക അവസാനിപ്പിക്കുമെന്നും, ധനസഹായം മറ്റ് ആഗോള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി വിനിയോഗിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കിയാല്‍, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനായിരിക്കും ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും അന്താരാഷ്ട്ര ഏജന്‍സിയുടെ ഏറ്റവും മികച്ച ദാതാക്കളാവുക. സംഘടന ”കാര്യമായ മെച്ചപ്പെടുത്തലുകള്‍” നടത്തിയില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം മരവിപ്പിക്കുമെന്ന് ഈ മാസം ആദ്യം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് മഹാമാരിയെ നേരിടാനായി ഡബ്ല്യൂ.എച്ച്.ഒ കൈ കൊണ്ട് നിലപാടുകളൊന്നും ഗുണകരമല്ലായിരുന്നു എന്നതാണ് ട്രംപ് പറയുന്നത്.അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. യുഎസിന് ശേഷം, ലോകാരോഗ്യ സംഘടനയുടെ ബജറ്റില്‍ ഏറ്റവും കൂടുതല്‍ സ്വമേധയാ സംഭാവന ചെയ്യുന്ന അംഗരാജ്യങ്ങള്‍ യുകെ, ജര്‍മ്മനി, ജപ്പാന്‍ എന്നിവയാണ്.