രാജ്യത്ത് നിന്ന് വിട്ടുനിൽക്കൽ: കുവൈത്തിൽ ആറുമാസ കാലാവധിയിൽ ഇളവ്

കുവൈത്ത് സിറ്റി:  കുവൈത്ത് വിസ യുള്ളവർ ആറുമാസത്തിലധികം രാജ്യത്ത് നിന്ന് വിട്ടു നിന്നാൽ  ഇഖാമ റദ്ദാകമെന്ന നിബന്ധനയിൽ ഇളവു പ്രഖ്യാപിച്ചു. കോവിഡ് -19 പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം ഇളവ് പ്രഖ്യാപിച്ചത്. കാലാവധിയുള്ള ഇഖാമയുണ്ടെങ്കില്‍ 2019 സെപ്റ്റംബര്‍ ഒന്നിന് ശേഷം രാജ്യത്തിന് പുറത്തേക്ക് പോയവര്‍ക്ക് കുവൈത്തിലേക്ക് തിരിച്ചുവരാം. ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായത് പ്രശ്നമാവില്ല. കൊമേഴ്സ്യല്‍ വിമാന സര്‍വീസ് ആരംഭിച്ച പശ്ചാത്തലത്തില്‍ കുവൈത്ത് വ്യോമയാന വകുപ്പ് അറിയിച്ചതാണിത്. ആറുമാസത്തിലേറെ രാജ്യത്തിന് പുറത്തായാല്‍ ഇഖാമ റദ്ദാവുമെന്ന നിയമത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കോവിഡ് പശ്ചാത്തലത്തില്‍ ഇളവ് അനുവദിച്ചിരുന്നു. അവധിക്ക് നാട്ടില്‍ പോയ നിരവധി വിദേശി തൊഴിലാളികളാണ് വിമാന സര്‍വീസ് നിലച്ചതിനാല്‍ തിരിച്ചുവരാനാവാതെ പ്രയാസത്തിലുള്ളത്. ഇതില്‍ നിരവധി പേര്‍ ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്താണ്. അതേസമയം, കാലാവധിയുള്ള ഇഖാമയുണ്ടാവണമെന്നത് നിര്‍ബന്ധമാണ്. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോണ്‍സര്‍ക്കോ മന്‍ദൂബിനോ ഇഖാമ പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇത് പ്രയോജനപ്പെടുത്താത്തവരുടെ തിരിച്ചുവരവ് പ്രയാസമാവും.