രഹസ്യ വിവരങ്ങള്‍ സ്വകാര്യ നേട്ടത്തിനായി ഉപയോഗിച്ച സെനറ്റ് ഇന്റലിജന്‍സ് സമിതി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു.

വാഷിങ്ടണ്‍: കോവിഡിനെ തുടര്‍ന്ന് സ്വകാര്യ സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്ന സെനറ്റ് ഇന്റലിജന്‍സ് സമിതി ചെയര്‍മാന്‍ റിച്ചാര്‍ഡ് ബര്‍ ആണ് സ്ഥാനമൊഴിഞ്ഞത് . മെയ് 15 വെള്ളിയാഴ്ച്ച മുതല്‍ രാജി പ്രാബല്യത്തില്‍ വരുമെന്ന് സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കൊണേല്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി ഭീഷണിയില്‍ വിപണികള്‍ തകര്‍ന്നടിയ്യുന്നതിനു മുമ്പായി, ഫെബ്രുവരിയില്‍ ബറും ഭാര്യയും 1.7 മില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എഫ്.ബി.ഐ ബറിന്റെ ഫോണ്‍ പിടിച്ചതിനു പിന്നാലെയാണ് രാജി. ഫെഡറല്‍ ഏജന്‍സി സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചതിനു ശേഷമാണ് ബര്‍ ഫോണ്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. തനിക്കെതിരായ അന്വേഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അതേ സമയം ബറിന്റെ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.