യു.എ.ഇയില്‍ സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടാം

അബൂദബി: കോവിഡ്-19 സൃഷടിച്ച പ്രത്യാഘാതം മറികടക്കുന്നതിന് യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടാന്‍ അനുമതി. അവശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളം താല്‍ക്കാലികമായോ സ്ഥിരമായോ വെട്ടിക്കുറക്കാനും അനുമതി നല്‍കി. മാനവ വിഭവശേഷി വികസന-സ്വദേശിവത്കരണ മന്ത്രാലയമാണ് അനുമതി നല്‍കിയത്. വകുപ്പ് മന്ത്രി നാസര്‍ ഥാനി അല്‍ഹംലിയാണ് ഇത് സംബന്ധിച്ച ഉത്തരവ്പുറപ്പെടുവിച്ചത്. പ്രതിസന്ധി മറികടക്കുന്നതിന് ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയോ ശമ്പളമില്ലാതെയോ അവധി നല്‍കുന്നതിനും കമ്പനി മേധാവികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കമ്പനിയില്‍ ആവശ്യത്തിലധികം ജീവനക്കാരുണ്ടെങ്കില്‍ അവരുെട എണ്ണം വെട്ടിക്കുറക്കാം. ഇത്തരം ജോലിക്കാരെ വെര്‍ച്വല്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണം. ഇവര്‍ക്ക് മറ്റൊരു ജോലി ലഭിക്കുന്നത് വരെ താമസ സൗകര്യവും അനുവദിക്കണം. എന്നാല്‍, ശമ്പളം നല്‍കേണ്ടതില്ല. മറ്റ് ജീവനക്കാരുടെ ശമ്പളം സ്ഥിരമായി കുറക്കുകയാണെങ്കില്‍ അക്കാര്യം മന്ത്രാലയത്തെ അറിയിക്കുകയും ജീവനക്കാരുടെ തൊഴില്‍ കരാറില്‍ പുതിയ ശമ്പളം രേഖപ്പെടുത്തുകയും വേണം. സ്വദേശി ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.