യു.എസ് നേവിയുടെ വിമാനവാഹിനിയില്‍ 100 നാവികര്‍ക്കുകൂടി കോവിഡ്

യു.എസ് നേവിയുടെ വിമാനവാഹിനി കപ്പല്‍ തിയഡോര്‍ റൂസ് വെല്‍റ്റിലെ 100 നാവികര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 550 ആയി. ആകെ 4800 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ മാസം 24ന് മൂന്ന് നാവികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മൂവായിരത്തിലധികം നാവികരെ ഗുവാമില്‍ പ്രത്യേകം സജ്ജമാക്കിയ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ 92 ശതമാനം പേരുടെ പരിശോധനയാണ് പൂര്‍ത്തിയാക്കിയത്. ആകെ 550 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 3673 പേരുടെ റിസല്‍റ്റ് നെഗറ്റീവ് ആയിരുന്നു. വിമാനവാഹിനിയില്‍ നാവികര്‍ക്ക് വൈറസ് ബാധയേറ്റതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വളരെ ശ്രദ്ധ നേടിയിരുന്നു. നാവികരെ എത്രയുംവേഗം രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയര്‍ നേവി അധികൃതര്‍ക്കും മറ്റും കത്തയച്ചതോടെയാണ് വിവരം ലോകമറിഞ്ഞത്. നാവികരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ നടപടിയുണ്ടായെങ്കിലും ക്രോസിയറെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നേവി പുറത്താക്കി. അനാവശ്യ ഭീതി പരത്തി, പക്വതയോടെ കാര്യം കൈകാര്യം ചെയ്തില്ല എന്നിങ്ങനെയായിരുന്നു കുറ്റങ്ങള്‍. നേവി നടപടികള്‍ വലിയ പ്രതിഷേധത്തിനു കാരണമായി. പിന്നാലെ ക്രോസിയറെ അപമാനിച്ചു സംസാരിച്ചതിന് നേവി ആക്ടിങ് സെക്രട്ടറി തോമസ് മോഡ്ലി ആദ്യം മാപ്പ് പറയുകയും പിന്നീട് സ്ഥാനമൊഴിയുകയും ചെയ്തിരുന്നു. ക്രോസിയര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തത് മോഡ്ലിയായിരുന്നു.