യു.എസില്‍ ലോക് ഡൗണ്‍ വിരുദ്ധരെ തടഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍

കോവിഡിനെ തുടര്‍ന്നുള്ള സ്റ്റേ അറ്റ് ഹോം ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പലയിടത്തും പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധം ഒന്നിനുപിറകെ ഒന്നായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്നതിനിടെ, പ്രതിഷേധക്കാരുടെ വഴി മുടക്കി ആരോഗ്യ പ്രവര്‍ത്തകര്‍. കൊളറാഡോയിലാണ് ചെറുകൂട്ടം ആരോഗ്യ പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരുടെ റാലി തടഞ്ഞ് തെരുവില്‍ നിന്നത്. ഡെന്‍വറില്‍ ഞായറാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കെതിരെ അണിനിരന്നത്. സ്റ്റേ അറ്റ് ഹോം നടപടികളെ എതിര്‍ക്കുന്ന നൂറുകണക്കിനാളുകളാണ് ഡെന്‍വറില്‍ കൂടിയത്. കൊടികളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഉച്ചത്തില്‍ ഹോണുകള്‍ മുഴക്കിയ കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയും കാണാനായി. ഇവരുടെ റാലിയെ മുടക്കിക്കൊണ്ടാണ് മാസ്‌കും പ്രതിരോധ ഉപകരണങ്ങളും ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയിലിറങ്ങി നിന്നത്. പ്രകോപനങ്ങള്‍ക്കും ചീത്തവിളികള്‍ക്കും ചെവികൊടുക്കാതെ വാഹനങ്ങള്‍ക്കു മുന്നില്‍ കൈകെട്ടി നിശബ്ദരായി നിലയുറപ്പിക്കുകയായിരുന്നു അവര്‍. ചെറിയ സംഘമാണ് ഇത്തരത്തില്‍ പ്രതിഷേധവുമായെത്തിയത്. അതേസമയം, ഇവര്‍ ആരാണെന്നോ ഏത് ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നോ ഉള്‍പ്പെടെ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.