യുഎസ്, കോവിഡ് 19 ന്റെ പുതിയ ഘട്ടത്തിലെന്ന് ഡോ. ബിര്‍ക്സിന്റെ മുന്നറിയിപ്പ്

യുഎസ്, കോവിഡ് 19 ന്റെ പുതിയ ഘട്ടത്തിലെന്ന് ഡോ. ബിര്‍ക്സിന്റെ മുന്നറിയിപ്പ് യുഎസ് കോവിഡ് 19 ന്റെ പുതിയൊരു ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്ന് അമേരിക്കന്‍ ഡോക്ടറും നയതന്ത്രജ്ഞയുമായ ഡെബോറ ലിയ ബിര്‍ക്സ് മുന്നറിയിപ്പ് നല്‍കി. രോഗം കുറയുന്നതിന് മുമ്പ് 19,000 മരണങ്ങള്‍ കൂടി ഉണ്ടായേക്കുമെന്നും അവര്‍ സൂചിപ്പിച്ചു. യുഎസ് മഹാമാരിയുടെ ഒരു പുതിയ ഘട്ടത്തിലാണെന്നും അമേരിക്കന്‍ ഐക്യനാടുകളുടെ പല ഭാഗങ്ങളിലും കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണമെന്നും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ഡെബോറ ബിര്‍ക്‌സ് അഭ്യര്‍ത്ഥിച്ചു. ”ഇന്ന് നമ്മള്‍ കാണുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ്,” സിഎന്‍എന്റെ സ്റ്റേറ്റ് ഓഫ് യൂണിയനില്‍ ബിര്‍ക്സ് പറഞ്ഞു. ‘ഇത് അസാധാരണമായി വ്യാപകമാണ് – വൈറസ് നഗരങ്ങളിലേതിനു തുല്യമായി ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ 4.6 ദശലക്ഷത്തിലധികം കേസുകള്‍ സ്ഥിരീകരിക്കുകയും 154,000 ലേറെ മരണങ്ങളും സംഭവിച്ചു. സമീപ മാസങ്ങളില്‍ പല തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൈറ്റ് ഹൗലെ സിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ മിഡ്വെസ്റ്റില്‍ ഉയര്‍ന്നുവരുന്ന ഹോട്ട് സ്പോട്ടുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ദേശീയ പ്രവചന പ്രകാരം ഓഗസ്റ്റ് 22 നകം യുഎസില്‍ ആകെ 182,000 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തേക്കും.