യമൻ വിമതർ വിട്ടയച്ച സൗദി സൈനികർ റിയാദിലെത്തി

ജിദ്ദ: യമനിലെ വിമത വിഭാഗമായ ഹൂതികൾ വിട്ടയച്ച സൗദി സൈനികർ സൗദി തലസ്ഥാനമായ റിയാദിലെത്തി.  െഎക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാര്‍ പ്രകാരമാണ് ഹൂതികള്‍ സൗദി സൈനികരെ വിട്ടയച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമുള്ള രണ്ടാംഘട്ട വിട്ടയക്കലാണ് ഇത്. 400ഒാളം ബന്ദികളെ ഹൂതികള്‍ മോചിപ്പിച്ചപ്പോള്‍ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു.ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികരും നാല് സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് നേരിട്ടാണ് ഇവര്‍ വിമാന മാര്‍ഗം റിയാദിലെത്തിയത്.