മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടു;16 മില്യണ്‍ നഷ്ടപരിഹാരം

മോട്ടോര്‍ സൈക്കിളില്‍ ഹോണ്ട കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ഇടതു കാല്‍മുട്ടിനു താഴെ മുറിച്ചു കളയേണ്ടി വന്ന മധ്യവയസ്‌ക്കന് 16 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ധാരണയായി.ലേക്ക്കൗണ്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ സംഖ്യ അംഗഭംഗം വന്ന കേസ്സില്‍ വിധിച്ചതെന്ന് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച ലോ ഫേം അറിയിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 2018 ജൂണ്‍ 14 നായിരുന്നു. വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ടിം വാല്‍ഷി (56)ന്റെ മോട്ടോ സൈക്കിളില്‍ പതിനെട്ടുകാരനായ പോര്‍ട്ടറുടെ പുതിയ ഹോണ്ടാ കാര്‍ നിയന്ത്രണം വിട്ടു വന്നിടിക്കുകയായിരുന്നു. കാര്‍ ഡീലര്‍ ഫില്ലിലെ ജീവനക്കാരനായ പോര്‍ട്ടര്‍ ടെസ്റ്റ് ഡ്രൈവിങ് നടത്തുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍ ഇടതുകാല്‍ തകര്‍ന്ന ടിം വാല്‍ഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കുകയും ഇടതുകാലിന്റെ മുട്ടിനു താഴെ വെച്ചുമുറിച്ചു കളയുകയുമായിരുന്നു. കാറോടിച്ചിരുന്ന പോര്‍ട്ടര്‍ ട്രാഫിക് വയലേഷനില്‍ കുറ്റകാരനാണെന്ന് കണ്ടെത്തുകയും കമ്യൂണിറ്റി സര്‍വീസും പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. ടിം വാല്‍ഷിനുവേണ്ടി വാദിച്ച സാല്‍മി ലോ ഫേമാണ് സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. ഗര്‍ണി മുള്ളര്‍ ഹോണ്ടയിലെ ജീവനക്കാരനായിരുന്നു പോര്‍ട്ടര്‍.