മൊഡേണ കോവിഡ് വാക്‌സിന്റെ അന്തിമ പരീക്ഷണം 30,000 പേരില്‍

വാഷിങ്ടണ്‍: കോവിഡ് 19 പ്രതിരോധന വാക്‌സിന്റെ ഏറ്റവും വലിയ പരീക്ഷണം തിങ്കളാഴ്ച അമേരിക്കയില്‍ നടന്നു. 30,000 അമേരിക്കക്കാരിലാണ് ഇത് പരീക്ഷിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മോഡേണ ഇന്‍കോര്‍പറേറ്റ് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ അവസാനഘട്ട പരിശോധന ആരംഭിച്ചത് യുഎസിലെ വിവിധ കേന്ദ്രങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരിലാണ്. കോവിഡ് 19 പ്രതിരോധത്തിന് വാക്‌സിന്‍ ഫലപ്രദമാണോയെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ലഭിക്കുന്നത് യഥാര്‍ഥ ഷോട്ട് ആണോ അതോ ഡമ്മി പതിപ്പാണോ എന്ന കാര്യം സന്നദ്ധ പ്രവര്‍ത്തകരെ അറിയിക്കാതെയാണ് പരീക്ഷണം. രണ്ടുഡോസുകള്‍ നല്‍കിയതിന് ശേഷം രണ്ടുഗ്രൂപ്പുകളില്‍ ഏത് സംഘത്തിനാണ് കൂടുതല്‍ അണുബാധയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിക്കും.

‘ഞാന്‍ ആവേശത്തിലാണ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് വേണ്ടി എന്റെ പങ്ക് ഞാന്‍ ചെയ്യുന്നു.’ മൊഡേണ വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ പരീക്ഷണത്തില്‍ പങ്കാളിയായ ന്യൂയോര്‍ക്ക് ബിന്‍ഹാംട്ടണിലെ നഴ്‌സ് മെലിസ്സ ഹാര്‍ട്ടിങ് പറയുന്നു.

ചൈനയും ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയും നിര്‍മിച്ച വാക്‌സിനുകള്‍ ഈ മാസം ആദ്യം ബ്രസീലിലും കടുത്ത കോവിഡ് 19 ബാധയുണ്ടായ രാജ്യങ്ങളിലും പരീക്ഷണങ്ങളുടെ അന്തിമഘട്ടം ആരംഭിച്ചിട്ടുണ്ട്.

ഓക്‌സ്ഫഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം യുഎസില്‍ ഓഗസ്റ്റില്‍ ആരംഭിക്കും. അതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിനും,ഒക്ടോബറില്‍ നോവാവാക്‌സിന്റെ വാക്‌സിനും പരീക്ഷിക്കും.

സാധാരണഗതിയില്‍ ഒരു വാക്‌സിന്‍ നിര്‍മിക്കാനായി വര്‍ഷങ്ങളെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ വളരെ വേഗത്തിലാണ് വാക്‌സിന്‍ ഗവേഷണം നടക്കുന്നത്. ലോകം നേരിടുന്ന മഹാമാരിയെ പ്രതിരോധിക്കാനുളള ഫലപ്രദമായ മാര്‍ഗം വാക്‌സിനാണെന്നുളള തിരിച്ചറിവിലാണ് ലോകരാഷ്ട്രങ്ങള്‍ വാക്‌സിന്‍ ഗവേഷണം വേഗത്തിലാക്കിയിരിക്കുന്നത്.