മേധാ രാജ് ബൈഡന്‍ കാമ്പെയിന്റെ ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചരണ വിഭാഗവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സ്റ്റാഫ് മേധാവിയായി ഇന്ത്യന്‍-അമേരിക്കന്‍ മേധാ രാജിനെ നിയമിച്ചു. പുതുതായി നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന കമലാ ഹാരിസ്, പീറ്റ് ബട്ടിംഗ്, ഹില്ലരി ക്ലിന്റണ്‍ എന്നിവരുടെ പ്രചരണത്തില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. ട്വിറ്റര്‍ കമ്പനിയില്‍ ഓണ്‍ലൈന്‍ വിഭാഗത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് മേധാ രാജ്. നവംബറിലെ തിരഞ്ഞെടുപ്പിന് നൂറില്‍ പരം ദിവസങ്ങള്‍ അവശേഷിച്ചിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും എം.സി.എ യും പൂര്‍ത്തിയാക്കിയ ശേഷം സ്‌പെയിന്‍ ഇലാസ്‌കാ റിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു ട്രംപിന്റെ ഓണ്‍ലൈന്‍ പ്രചരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പുറകിലായിരുന്നു ജൊ ബൈഡന്റെ പ്രചരണം.എന്നാല്‍ പുതിയ ടീം മേധാ രാജിന്റെ നേതൃത്വ പ്രവര്‍ത്തനത്തിലൂടെ ട്രംപിനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.