മൂവായിരം അടി ഉയരത്തില്‍ ജെറ്റ്പാക്കില്‍ പറക്കുന്നയാളെ കണ്ടെന്ന് പൈലറ്റുമാര്‍

ജെറ്റ്പാക്ക് ധരിച്ച ഒരാള്‍ തങ്ങളുടെ വിമാനങ്ങള്‍ക്ക് സമീപം പറക്കുന്നതായി ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിലിറങ്ങിയ പൈലറ്റുമാര്‍. ഫിലാഡല്‍ഫിയയില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ളൈറ്റ് 1997ലെ പൈലറ്റുമാരാണ് ഈ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ടവര്‍, അമേരിക്കന്‍ 1997, ഞങ്ങള്‍ ജെറ്റ്പാക്കില്‍ ഒരാളെ കടന്നുപോയി’- അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ് എയര്‍ ട്രാഫിക്ക് കേന്ദ്രത്തിലേക്ക് നല്കിയ വിവരം ഇങ്ങനെയായിരുന്നു. ഇതുകേട്ടതോടെ എയര്‍ട്രാഫിക്ക് വിഭാഗം സ്തംബ്ധരായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. നിങ്ങളുടെ ഇടത്തോ വലത്തോ ജെറ്റ്പാക്കില്‍ ആള്‍ കടന്നുപോയതെന്നായിരുന്നു ആദ്യം തിരികെ ചോദിച്ചത്. മൂവായിരം അടി ഉയരത്തിലുള്ള എയര്‍ബസ് എ 321 വിമാനത്തില്‍ നിന്നും 300 യാര്‍ഡ് മാത്രം അകലെയാണ് ജെറ്റ്പാക്ക് ധരിച്ചയാള്‍ പറക്കുന്നതെന്നാണ് പൈലറ്റ്് മറുപടി നല്കിയത്. താമസിയാതെ മറ്റൊരു പൈലറ്റും ഇതേവിവരം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിച്ചു. തങ്ങളുടെ വിമാനത്തിന് സമീപം ഒരാള്‍ ജെറ്റ്പാക്കില്‍ സഞ്ചരിക്കുന്നതു കണ്ടുവെന്നായിരുന്നു സ്‌കൈവെസ്റ്റ് പൈലറ്റിന്റെ സന്ദേശം. വിമാനങ്ങളുടെ പാതയിലൂടെ ജെറ്റ്പാക്ക് ധരിച്ച ഒരാള്‍ പറക്കുന്നുവെന്ന മുന്നറിയിപ്പ് ജാഗ്രതാ സന്ദേശം ഉടന്‍ മറ്റ് വിമാനങ്ങള്‍ക്ക് അധികൃതര്‍ കൈാമാറുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ മാത്രമാണ് കേള്‍ക്കുന്നതെന്ന് ജെറ്റ് ബ്ലൂ പൈലറ്റ് ചൂണ്ടിക്കാട്ടി. ജെറ്റ്പാക്ക് ധരിച്ച ഒരാള്‍ ആകാശത്തുകൂടെ പറന്ന വിവരം ലോസ് ഏഞ്ചല്‍സ് പൊലീസിലേക്ക് കൈമാറിയതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനി,്ട്രേഷന്‍ അറിയിച്ചു. എന്നാല്‍ ജെറ്റ്പാക്കുള്ള ആരേയും കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വിമാനത്തിന് സമീപത്തുകൂടെ ആരാണ് പറന്നതെന്ന വിവരം നിലവില്‍ രഹസ്യമായി തുടരുകയാണെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ആളില്ലാ വിമാനം കണ്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പൈലറ്റുമാര്‍, നിയമപാലകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരൊക്കെ ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാസ്തവത്തില്‍ ജെറ്റ്പാക്ക് ധരിച്ചയാളെയാണ് ഇങ്ങനെ കണ്ടെത്തിയതെങ്കില്‍ വാണിജ്യ എയര്‍ലൈന്‍ വ്യോമാതിര്‍ത്തിയില്‍ പറക്കുകയോ വിമാനങ്ങള്‍ പറപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. മനുഷ്യരെ 12,000 അടി ഉയരത്തില്‍ വരെ എത്തിക്കാന്‍ കഴിയുന്ന അരലക്ഷം ഡോളര്‍ വിലയുള്ള ജെറ്റ്പാക്കുകള്‍ വികസിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജെറ്റ്പാക്കിലുള്ള വ്യക്തിയുടെ വലിപ്പവും ഭാരവും ഉള്‍പ്പെടെ വിമാനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.