മുൻ പ്രസിഡന്റിന്റെ പ്രതിമ നീക്കൽ: യുഎസിൽ 4 പേർ അറസ്റ്റിൽ

വാഷിങ്‌ടൺ:അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിനു സമീപമുള്ള മുൻ പ്രസിഡന്റ്‌ ആൻഡ്രൂ ജാക്‌സണിന്റെ പ്രതിമയ്‌ക്ക്‌ നാശമുണ്ടാക്കുകയും അത്‌ വലിച്ചുതാഴെയിടാൻ ശ്രമിക്കുകയും ചെയ്‌ത കേസിൽ നാലുപേർക്കെതിരെ കുറ്റം ചുമത്തി. ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ കൊലപാതകത്തെ തുടർന്ന്‌ വംശീയതയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ലാഫിയാത്‌ ചത്വരത്തിലുള്ള പ്രതിമ നീക്കാൻ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ശ്രമമുണ്ടായത്‌.

ദേശീയ സ്‌മാരകങ്ങൾ നശിപ്പിക്കുന്നത്‌ 10 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ്‌ ഉത്തരവിൽ കഴിഞ്ഞദിവസം പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഒപ്പിട്ടിരുന്നു. കറുത്ത വംശക്കാരായ പ്രക്ഷോഭകരെ കേസിൽ കുടുക്കാൻ മുൻകാല പ്രാബല്യത്തോടെയാണ്‌ ഉത്തരവ്‌.

മിസിസിപ്പി സംസ്ഥാനത്തിന്റെ പതാകയിൽനിന്ന് ആഭ്യന്തരയുദ്ധകാലത്തെ കോൺഫെഡറേറ്റിന്റെ വംശീയമായ മുദ്ര നീക്കംചെയ്യാൻ മൂന്നിൽ രണ്ടിലധികം ഭൂരിപക്ഷത്തോടെ നിയമസഭ തുടക്കമിട്ടു. അതേസമയം, മുൻ പ്രസിഡന്റ്‌ വുഡ്രോ വിൽസണിന്റെ പേര്‌ പ്രിൻസ്റ്റൺ സർവകലാശാലയുടെ പബ്ലിക്‌ പോളിസി സ്‌കൂളിൽനിന്ന്‌ നീക്കംചെയ്യാനുള്ള പദ്ധതി സർവകലാശാല പ്രഖ്യാപിച്ചു. വുഡ്രോ വിൽസണിന്റെ വംശീയവിഭജന കാഴ്‌ചപ്പാടുകൾ കണക്കിലെടുത്താണ്‌ തീരുമാനം. കഴിഞ്ഞയാഴ്‌ച ന്യൂജേഴ്‌സിയിലെ മോൺമൗത്ത്‌ സർവകലാശാല ഒരു പ്രധാന മന്ദിരത്തിൽനിന്ന്‌ വിൽസണിന്റെ പേര്‌ നീക്കിയിരുന്നു.