മിസ്സിസ്സാഗ രൂപതയിലെ ഗ്രാജുവേഷന്‍

സിറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും വിശ്വാസപരിശീലനം പൂര്‍ത്തിയാക്കിയ ഗ്രേഡ് 12 വിദ്യാര്‍ത്ഥികളുടെ വെര്‍ച്യുല്‍ ഗ്രാജുവേഷന്‍ ജൂണ്‍ ആറാം തീയതി ശനിയാഴ്ച്ച 4 മണിക്ക് നടത്തപ്പെടും. രൂപതയിലെ 9 സ്‌കൂളുകളില്‍ നിന്ന് 54 വിദ്യാര്‍ഥികളാണ് പന്ത്രണ്ട് വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സണ്‍ഡേ സ്‌കൂള്‍ പരിശീലന പരിപാടി പൂര്‍ത്തിയാക്കി ഈ വര്‍ഷം സഭയുടെ യുവവിഭാഗത്തിന് കരുത്താകുക. കാനഡയില്‍ സിറോ മലബാര്‍ സഭയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യമായി വിശ്വാസ പരിശീലന പരിപാടി തുടങ്ങിയത് 2005 സെപ്റ്റംബര്‍ മാസത്തില്‍ ടോറോന്റോയിലെ സ്‌കാര്‍ബൊറോ ഇടവകയിലാണ്. പിന്നീട് മിസ്സിസാഗയിലും ആരംഭിച്ച സണ്‍ഡേസ്‌കൂള്‍ മിസ്സിസ്സാഗ കേന്ദ്രമായി പുതിയ ഏക്സാര്‍കേറ്റും തുടര്‍ന്ന് രൂപതയും രൂപീകരിച്ചതോടെ കൂടുതല്‍ വ്യാപകമായി. ഇപ്പോള്‍ 24 കേന്ദ്രങ്ങളിലായി,മൂവായിരത്തോളം വിദ്യാര്‍ഥികള്‍ സണ്‍ഡേ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമാണ്. എഡ്മണ്‍ടണ്‍ മുതല്‍ ഓട്ടവാ വരെയുള്ള ഇടവകകളില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ക്ക് മിസ്സിസാഗാ രൂപതയുടെ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യ സന്ദേശം നല്‍കുകയും സര്‍ടിഫിക്കറ്റുകള്‍ നല്‍കി ആദരിക്കുകയും ചെയ്യും. മതബോധന വിഭാഗത്തിന്റെ അധ്യക്ഷന്‍ ഫാ.മാര്‍ട്ടിന്‍ മാണിക്കാനാംപറമ്പില്‍ യുവമുഖങ്ങളെ സ്വാഗതം ചെയ്ത് ആശംസ അര്‍പ്പിക്കും. യോര്‍ക്ക് റീജിയന്‍ കാത്തലിക് ഡിസ്ട്രിക്ട് സ്‌കൂള്‍ ബോര്‍ഡില്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന ട്രസ്റ്റിയും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ തെരേസാ സിബി യാണ് ബിരുദധാരികള്‍ക്കു ടോസ്റ്റ് നല്‍കുക. സ്‌കാര്‍ബൊറോ സെയ്ന്റ് തോമസ് ഫൊറോനാ ഇടവക വികാരി ഫാ. ജോസ് ആലഞ്ചേരി പ്രാര്‍ത്ഥനാ ശുശ്രൂഷക്കും, മിസ്സിസാഗാ കത്തീഡ്രല്‍ ഇടവകവികാരി ഫാ. ജേക്കബ് ഇടകളത്തൂര്‍ വിവിധ ഇടവക സമൂഹങ്ങളെ ഏകോപിപ്പിച്ചു ബിരുദധാരികളെ അനുമോദിക്കുന്നതിനും നേതൃത്വം നല്‍കും.