മിഷിഗണിൽ ആദ്യ ആൾക്ക് കോവിഡ്-19 വാക്‌സിൻ നൽകി

ഡിട്രോയിറ്റ് : മോഡേണ കോവിഡ്-19 വാക്‌സിന്റെ ആദ്യ കുത്തിവെപ്പ് ഡിട്രോയിറ്റ് ഹെൻറിഫോർഡ് ആശുപത്രിയിൽ ആഷ്‌ലി വിൽ‌സൺ എന്ന ഇരുപത്തിനാലുകാരിക്ക് നൽകി. മോഡേണ നിർമ്മിക്കുന്ന കോവിഡ്-19 വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണാർത്ഥം ആദ്യ 20 രോഗികൾക്ക് കുത്തിവെയ്പ്പ് നൽകുന്നതിന്റെ ഭാഗമായിട്ടാണ് ആഷ്‌ലി വിൽ‌സൺ എന്ന റിസർച്ച് അസിസ്റ്റന്റ് കുത്തിവെയ്പ്പ് സ്വീകരിച്ചു ചരിത്രത്തിൽ സ്ഥാനം പിടിച്ചത്.

ലോകമെമ്പാടും മഹാമാരിയായി പടർന്ന് 18.8 മില്യൺ ആളുകൾക്ക് രോഗം പടരുകയും 706,000 ആളുകൾ മരണപ്പെടുകയും ചെയ്ത കൊറോണ വൈറസിന്റെ പ്രതിരോധ വാക്‌സിൻ നിർമ്മാണം മൂന്നാംഘട്ടത്തിൽ എത്തി നിൽക്കുന്നു. 2021-ന്റെ തുടക്കത്തോടെ ഏകദേശം 500 മില്യൺ ആളുകൾക്ക് മരുന്ന് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് നിർമ്മാതാക്കളായ മോഡേണ കമ്പനി നൽകുന്ന വിവരം. അമേരിക്കയിലെ 89 ആശുപത്രികളിൽ കോവിഡ്-19 വാക്‌സിൻ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മിഷിഗണിൽ ഹെന്റി ഫോർഡ് ആശുപത്രിയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു പരീക്ഷണാർത്ഥം കുത്തിവയ്പ് നൽകിയത്.

അമേരിക്കയിലുടനീളം 30,000 ആളുകളെ കണ്ടെത്തി മരുന്ന് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ്-19 രോഗംമൂലം കൂടുതൽ അപകടസാധ്യത ഉള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും മുൻഗണന നൽകും. മോഡേണ കോവിഡ്-19 വാക്‌സിൻ വളരെ സുരക്ഷിതവും രോഗപ്രതിരോധനത്തിന് സഹായകരവുമായ മികച്ചരീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. ഇരുന്നൂറോളം കോവിഡ്-19 വാക്‌സിനുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. എന്നാൽ ഇതിൽ 7 വാക്‌സിനുകൾ വളരെ വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്ന് അമെരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.