മിഷിഗണിന്റെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡിട്രോയിറ്റ് കേരള ക്ലബിന്റെ സ്‌നേഹ സമ്മാനം

ലോകത്തിലാകമാനം പടര്‍ന്ന് പിടിച്ചിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ നിയന്ത്രിക്കുവാന്‍ സ്വന്തം ജീവന്‍ പോലും ബലികൊടുത്ത് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിട്രോയിറ്റ് കേരള ക്ലബിന്റെ ‘മീല്‍സ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഹീറോസ്’ എന്ന പരിപാടി നടപ്പാക്കി. മിഷിഗണില്‍ കോവിഡ് പടര്‍ന്ന് പിടിയ്ക്കുമ്പോള്‍ പരിമിതമായ പരിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആശുപത്രികളില്‍ സമര്‍പ്പണത്തോടെ രാവും പകലും പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തര്‍ക്ക് കേരളക്ലബിന്റെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കി. എം.ഐ ഇന്ത്യയുടെ നേതൃത്വത്തില്‍ കേരള ക്ലബ്ബ് നടപ്പാക്കിയ ഈ ഭക്ഷണ വിതരണ പരിപാടി വളരെ പ്രശംസ ഏറ്റുവാങ്ങി, മിഷിഗണിലെ ബ്യൂമോണ്ട് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറ്റവും മികച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ടാണ് കേരളക്ലബ്ബ് ഈ പദ്ധതി നടപ്പാക്കിയത്. മിഷിഗണിലെ മറ്റ് ആശുപത്രികളിലും ഭക്ഷണം എത്തിച്ചു നല്‍കാന്‍ വരും ദിവസങ്ങളില്‍ ക്രമീകരണം ചെയ്യും.