മാന്ത്രിക ജോഡി ‘സീഗ്ഫ്രൈഡ് ആന്റ് റോയ് ‘ യിലെ റോയ് ഹോണ്‍ കോവിഡ് ബാധിച്ചു മരിച്ചു

ലാസ് വെഗാസിലെ കലാപ്രേമികളെ ദശാബ്ദങ്ങളായി വിസ്മയിപ്പിച്ച പ്രമുഖ മാന്ത്രിക ജോഡികളായ ‘ സീഗ്ഫ്രൈഡ് ആന്റ് റോയ് ‘ യിലെ റോയ് ഹോണ്‍ (75) കോവിഡ് -19 ബാധിച്ചു മരിച്ചു. കടുവകളെ തോളിലേന്തിയും ആനകളെ അപ്രത്യക്ഷമാക്കിയും പെരുമ്പാമ്പായി മാറിയും ദശലക്ഷക്കണക്കിന് കാണികളെ അതിശയിപ്പിച്ച ജോഡികളിലൊരാളാണ് കോവിഡിന് കീഴടങ്ങിയത്. ‘ഇന്ന് ലോകത്തിന് മാന്ത്രികതയുടെ മഹത്തായ ഒന്ന് നഷ്ടപ്പെട്ടു, പക്ഷേ എനിക്ക് എന്റെ ഉറ്റ ചങ്ങാതിയെ നഷ്ടപ്പെട്ടു,’ മാന്ത്രിക വേദിയില്‍ റോയിയുടെ പങ്കാളിയായ ഇസീഗ്ഫ്രൈഡ് ഫിഷ്ബാച്ചര്‍ പറഞ്ഞു. ‘ഞങ്ങള്‍ കണ്ടുമുട്ടിയാല്‍ ആ നിമിഷം മുതല്‍ റോയിയും ഞാനും ഒരുമിച്ച് ലോകത്തെ മാറ്റിമറിക്കുമെന്ന് എനിക്കറിയാം. റോയിയില്ലാതെ സീഗ്‌ഫ്രൈഡ് ഉണ്ടാവില്ല, സീഗ്‌ഫ്രൈഡ് ഇല്ലാതെ റോയിയും ഇല്ല. ജര്‍മ്മന്‍ ജാലവിദ്യക്കാരായ ഈ കലാകാരന്മാര്‍ 1967 ല്‍ ലാസ് വെഗാസില്‍ പ്രകടനം ആരംഭിക്കുകയും 1989 ല്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള പ്രകടനങ്ങള്‍ നടക്കുന്ന കാസിനോ ആയ ദി മിറേജിലേക്ക് മാറുകയും ചെയ്തു. 14 വര്‍ഷങ്ങളായി അവരുടെ പ്രശസ്തമായ വെളുത്ത കടുവകളെ തോളിലേന്തിയുള്ള സാഹസിക പ്രകടനം ജനങ്ങളുട ഇഷ്ട വിനോദമായി മാറിയിരുന്നു. പ്രകടനത്തിനിടയില്‍ 75 കാരനായ ഹോണിനെ 2003 ഒക്ടോബറില്‍ കടുവകളിലൊന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെങ്കിലും രക്ഷപ്പെട്ട് വീണ്ടും വേദികളിലെത്തിയിരുന്നു.