മസൂദ് അസ്ഹറിനെ കാണാനില്ലെന്ന വാദം തള്ളി യുഎസ്; പാക്കിസ്ഥാനില്‍ തന്നെ

പാക്ക് ഭീകരന്‍ മസൂദ് അസ്ഹറിനെ കാണാനില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി യുഎസ്. ജയ്‌ഷെ മുഹമ്മദ് സ്ഥാപകനും യുഎന്‍ ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെതിരെയും 2008 മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ സാജിദ് മിറിനെതിരെയും പാക്കിസ്ഥാന്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല. പാക്കിസ്ഥാനില്‍ ഇവര്‍ സ്വതന്ത്രമായി നടക്കുകയാണെന്നും യുഎസ് പറയുന്നു. ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിതമായ അഭയകേന്ദ്രമായി മാറുകയാണ്. ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്ന എല്‍ഇടിക്കും പോഷകഘടകങ്ങള്‍ക്കും ജെയ്‌ഷെ മുഹമ്മദിനും പാക്കിസ്ഥാനില്‍നിന്നുതന്നെ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗം അവര്‍ തുറന്നു നല്‍കുന്നു. ഭീകരസംഘടനകള്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിതതാവളം ഒരുക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എല്‍ഇടി, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകള്‍ക്കുള്ള ഫണ്ടിങ്ങ് നിയന്ത്രിക്കാത്തതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ തങ്ങളുടെ ഗ്രേ ലിസ്റ്റിലാണ് പെടുത്തിയിരിക്കുന്നത്. കോവിഡിനിടെ ചേര്‍ന്ന എഫ്എടിഎഫിന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം.