മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ അഭിനന്ദിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കോട്ടയം സ്വദേശിനി ഷാരോണ്‍ വര്‍ഗീസിനാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍- ബാറ്റ്‌സ്മാന്മാരിലൊരാളുടെ അഭിനന്ദനം. ഓസ്ട്രേലിയയിലെ വൊലൊങ്ഗൊങിലെ കെയര്‍ ഹോമിലെ നഴ്സായ ഷാരോണ്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോഴും വയോധികരെ പരിചരിക്കുന്ന ജോലിയില്‍ നിന്നു പിന്മാറിയിരുന്നില്ല.  

‘നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രവൃത്തിക്ക് അഭിനന്ദനങ്ങള്‍ ഷാരോണ്‍. കൊവിഡ് വ്യാപനകാലത്തും പ്രായമായവര്‍ക്കുള്ള കെയര്‍ ഹോമില്‍ നിങ്ങള്‍ ജോലി . ‘ഞാന്‍ നിങ്ങളെ അറിയിക്കുന്നതെന്തെന്നാല്‍ ഓസ്ട്രേലിയ മുഴുവനും, ഇന്ത്യ മുഴുവനും അതിനെക്കാള്‍ പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളുടെ പരിശ്രമത്തില്‍ വളരെ അഭിമാനത്തിലാണ്’- ആദം ഗില്‍ക്രിസ്റ്റ് വീഡിയോയില്‍ പറയുന്നു .കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഷാരോണ്‍ വര്‍ഗീസ്. ഗില്‍ക്രിസ്റ്റിന്റെ വിഡിയൊ കണ്ടെന്നും അദ്ദേഹത്തോടു നന്ദിയുണ്ടെന്നും ഷാരോണ്‍ പറഞ്ഞു.  

അതിനിടെ, ബംഗളൂരു സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥി ശ്രേയസ് ശ്രേഷ്ഠിനെ അഭിനന്ദിച്ച് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും രംഗത്തെത്തി. ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രേയസ് കൊവിഡ് വ്യാപനകാലത്ത് വിദ്യാര്‍ഥികള്‍ക്കു ഭക്ഷണമെത്തിക്കുന്ന ദൗത്യത്തിലായിരുന്നു. ഇന്ത്യയിലുള്ള ശ്രേയസിന്റെ മാതാപിതാക്കള്‍ക്ക് ഇത് അഭിമാനനിമിഷമായിരിക്കുമെന്നും വാര്‍ണര്‍.