മണിക്കൂറിൽ 2223 കി.മി വേ​ഗം; വ്യോമസേനയ്‌ക്ക് കരുത്ത് പകര്‍ന്ന്‌ റഫേൽ എത്തി

ഇന്ത്യൻ വ്യോമസേനയ്‌ക്ക് കരുത്ത് പകര്‍ന്ന്‌ അഞ്ച്‌ റഫേൽ പോർവിമാനം ഫ്രാൻസിൽനിന്ന്‌ പറന്നെത്തി. അംബാല വ്യോമതാവളത്തിൽ ബുധനാഴ്‌ച പകൽ 3.10ന് വാട്ടർ സല്യൂട്ട്‌ നൽകി‌ രാജ്യം പോർവിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ സ്വാഗതമോതി. 7000 കിലോമീറ്റര്‍ പറന്നെത്തിയ വിമാനങ്ങളെ ഇന്ത്യൻ വ്യോമാതിർത്തിമുതൽ രണ്ടു‌ സുഖോയ് വിമാനം അകമ്പടി സേവിച്ചു. പടിഞ്ഞാറൻ അറേബ്യൻ സമുദ്രത്തിൽ നിലയുറപ്പിച്ച പടക്കപ്പല്‍ ഐഎൻഎസ്‌ കൊൽക്കത്തയുമായി റഫേൽ വിമാനങ്ങള്‍ ആശയവിനിമയം നടത്തി.

വ്യോമസേനയുടെ 17–ാം ഗോൾഡൻ ആരോ സ്ക്വാഡ്രണിലേക്ക് സ്വാതന്ത്ര്യദിനത്തിനുശേഷം ഇവ അണിചേരും. 17–ാം സ്ക്വാഡ്രണ്‍ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തില്‍ 7 പൈലറ്റുമാരാണ്‌ ദൗത്യം പൂർത്തിയാക്കിയത്‌. മലയാളിയായ വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്.

ദസ്സാൾട്ട്‌ കമ്പനിയിൽനിന്ന്‌ 59,000 കോടി രൂപ ചെലവിൽ വാങ്ങുന്ന 36 വിമാനത്തിൽ ആദ്യബാച്ചാണ്‌ എത്തിയത്‌. യുപിഎ കാലത്ത്‌ 126 റഫേൽ വിമാനം വാങ്ങാനായിരുന്നു പദ്ധതി. ഫ്രാൻസിൽനിന്ന്‌ നേരിട്ട്‌ വിമാനം വാങ്ങുമെന്ന പ്രഖ്യാപനത്തോടെ മോഡിസർക്കാർ കരാര്‍ മാറ്റി. 36 വിമാനമാക്കി ഇടപാട്‌ ചുരുക്കിയത്‌ വിവാദമായി. രാജ്യത്തിന്റെ ദീർഘകാല പോർവിമാന സംഭരണപദ്ധതിയുടെ ഭാഗമായ ഇടപാട്‌ സുപ്രീംകോടതിയുടെ അനുകൂല വിധി നേടിയാണ്‌ നടപ്പായത്‌.