ഭക്ഷണത്തിനായി വരിനിന്ന് അമേരിക്കന്‍ ജനത

കോവിഡ് സാരമായി ബാധിച്ചതോടെ സൗജന്യ ഭക്ഷ്യവിതരണ കേന്ദ്രങ്ങളെ ആശ്രയിച്ച് അമേരിക്കന്‍ ജനത. വിവിധ സംസ്ഥാനങ്ങളിലുള്ള ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ കാറുകളുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാണ് പലരും ഭക്ഷണം വാങ്ങുന്നത്. അമേരിക്കയിലുടനീളം, ന്യൂ ഓര്‍ലിയന്‍സ് മുതല്‍ ഡെട്രോയിറ്റ് വരെ, ജോലി നഷ്ടപ്പെട്ടതിനാല്‍ ശമ്പളം ഇല്ലാത്തവര്‍ ഫുഡ് ബാങ്കുകളിലേക്ക് ഒഴുകിയെത്തുകയാണ്. കോണ്‍ഗ്രസ് അംഗീകരിച്ച 2.2 ട്രില്യണ്‍ ഡോളര്‍ ദുരിതാശ്വാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യം വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ ദൃശ്യം അതിലുമേറെ സങ്കടകരമാണ്. ചൊവാഴ്ച, പെന്‍സില്‍വാനിയയിലെ ഗ്രേറ്റര്‍ പിറ്റ്സ്ബര്‍ഗ് കമ്യൂണിറ്റിറ്റി ഫുഡ് ബാങ്കിന്റെ വിതരണ കേന്ദ്രത്തില്‍ ആയിരത്തോളം കാറുകളാണ് നിരന്നുകിടന്നിരുന്നത്. ആവശ്യക്കാരുടെ എണ്ണം 40 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്. എട്ട് കേന്ദ്രങ്ങളിലായി 227 ടണ്‍ ഭക്ഷണം തയ്യാറാക്കിവെച്ചിരുന്നെങ്കിലും പലപ്പോഴും മതിയാകുന്നില്ലെന്ന് സംഘടന വൈസ് പ്രസിഡന്റ് ബ്രയാന്‍ ഗുലിഷ് പറഞ്ഞു. നിരവധിപ്പേര്‍ ആദ്യമായാണ് തങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതിനുമുമ്പ് ഒരു ഫുഡ് ബാങ്കിലും പോയിട്ടില്ലാത്തവരാണ് അവരെന്നും ഗുലിഷ് പറഞ്ഞു. മറ്റിടങ്ങളിലെ ഫുഡ് ബാങ്കുകളെക്കുറിച്ചും അവര്‍ അറിവില്ല. അതുകൊണ്ട് നീണ്ട വരിയാണുള്ളതെന്നും ഗുലിഷ് പറഞ്ഞു. എങ്ങും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ കാഴ്ചകളാണ്. ടെക്സാസിലെ സാന്‍ അന്റോണിയോയില്‍ പതിനായിരത്തോളം കാറുകളാണ് ഒരു ഫുഡ് ബാങ്കിനു മുന്നില്‍ വരി കിടന്നത്. ചില കുടുംബങ്ങള്‍ തലേന്ന് രാത്രി തന്നെയെത്തി വരിയില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. കോവിഡും ലോക് ഡൗണും രാജ്യത്തെ ഭക്ഷ്യ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകള്‍ അടച്ചിട്ടതോടെ ചിലയിടങ്ങളില്‍ ആളുകള്‍ സാധനങ്ങള്‍ കൂടുതല്‍ വാങ്ങി സംഭരിച്ചിട്ടുണ്ട്. എന്നാല്‍ ജോലിയും വരുമാനവും ഇല്ലാതായവര്‍ ഫുഡ് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. അഭയകേന്ദ്രങ്ങളിലും ഫുഡ് ബാങ്കുകളിലും ഭക്ഷണം ലഭ്യമാക്കാന്‍ വ്യക്തികളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ സംഭാവന നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലും നിരവധി ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.