ബൈഡന്‍ നിസ്സഹായനും ഇടതുപക്ഷത്തിന്റെ കളിപ്പാവയുമെന്ന് ട്രംപ്

ഒക്ലഹോമ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബൈഡന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവല്ലെന്നും നിസ്സഹായനും ഇടതുപക്ഷത്തിന്റെ കളിപ്പാവയും മാത്രമാണെന്ന് ട്രംപ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ ജയിക്കുകയാണെങ്കില്‍ ഭരണം നടത്തുന്നത് അതിക്രമികളും കവര്‍ച്ചക്കാരുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഒക്ലഹോമയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മണിക്കൂറോളം നേരം അണികളില്‍ ആവേശം വിതറിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗത്തിലുടനീളം ഡമോക്രാറ്റിക് പാര്‍ട്ടിയേയും അവര്‍ നേതൃത്വം നല്കിയ ഭരണത്തേയും നിശിതമായി ട്രംപ് വിമര്‍ശിച്ചു. പ്രസിഡന്റ് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബൈഡനും അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് വാരിക്കോരി വിദേശ രാജ്യങ്ങള്‍ക്ക് നല്കുകയായിരുന്നുവെന്ന് ട്രംപ് കുറ്റപ്പെടുത്തി. അനിയന്ത്രിതമായി ലഭിച്ചുകൊണ്ടിരുന്ന ഡോളര്‍ താന്‍ അധികാരത്തിലെത്തിയതോടെ നിര്‍ത്തലാക്കിയത് വിദേശ രാജ്യങ്ങളെ തനിക്കെതിരെ തിരിക്കുന്നതിനും താന്‍ പ്രസിഡന്റാകുന്നത് തടയുന്നതിന് പ്രേരിപ്പിക്കുന്നതെന്നും തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

അമേരിക്കയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്ത ആയിരങ്ങളെ ഡമോക്രാറ്റിക് പാര്‍ട്ടി പിന്തുണച്ചത് രാജ്യത്തെ ക്രമസമാധാനനില തകരാറിലാണെന്ന് വരുത്തിത്തീര്‍ക്കാനാണെന്നും അന്ന് മാസ്‌ക് ധരിക്കാതെ തെരുവില്‍ അഴിഞ്ഞാടിയതിനെ വിമര്‍ശിക്കാത്ത ഡെമോക്രാറ്റിക് പാര്‍ട്ടി ഒക്ലഹോമയില്‍ തന്റെ തെരഞ്ഞെടുപ്പ് റാലിയെ വിമര്‍ശിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ട്രംപ് പറഞ്ഞു.