ബൈഡനെ പിന്തുണച്ച് കോളിന്‍ പവല്‍

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും റിപ്പബ്ലിക്കനുമായ കോളിന്‍ പവല്‍. നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളിയെ പരസ്യമായി പിന്തുണയ്ക്കുന്ന ആദ്യത്തെ പ്രധാന റിപ്പബ്ലിക്കന്‍ നേതാവുകൂടിയാണ് കോളിന്‍ പവല്‍. ‘എനിക്ക് ഈ വര്‍ഷം പ്രസിഡന്റ് ട്രംപിനെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ല,” അമേരിക്കയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും റിപ്പബ്ലിക്കനുമായ പവല്‍ പറഞ്ഞു. ബൈഡന് വോട്ട് ചെയ്യുമോയെന്ന ചോദ്യത്തിന്, ‘ഞാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യും.’ എന്നും വ്യക്തമാക്കി. അതേ സമയം നവംബറിലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ താന്‍ വിഷമിക്കുകയാണെന്ന് യുഎസ് സെനറ്റര്‍ ലിസ മുര്‍കോവ്സ്‌കി കഴിഞ്ഞ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അമേരിക്കയില്‍ നടന്നുവരുന്ന പ്രക്ഷോപങ്ങള്‍ക്കെതിരെ ട്രംപിന്റെ രീതിക്കെതിരെ കുറച്ച് റിപ്പബ്ലിക്കന്‍ എംപിമാര്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ അപലപിക്കുകയും ട്രംപിന്റെ അന്നത്തെ എതിരാളിയായ ഹിലാരി ക്ലിന്റനെ പരസ്യമായി അംഗീകരിക്കുകയും ചെയ്ത ചുരുക്കം ചില പ്രമുഖ റിപ്പബ്ലിക്കന്‍മാരില്‍ ഒരാളാണ് പവല്‍.