ബെര്‍ണി സാന്‍ഡേഴ്‌സിന് മറുപടിയുമായി ട്രംപ്

ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതി നേടാന്‍ ഇടയാക്കിയെന്നും അമേരിക്ക ഇന്ത്യയില്‍ ഒട്ടേറെ വാണിജ്യ വ്യാപാരങ്ങള്‍ ചെയ്യാന്‍ പോകുകയാണെന്നും ട്രംപ് പ്രതികരിച്ചു. ഇന്ത്യയുമായുള്ള യു.എസിന്റെ ബന്ധം അസാധാരണമായി മാറിയെന്നും തന്റെ സന്ദര്‍ശനം നയതന്ത്രബന്ധത്തില്‍ വലിയ പുരോഗതിയുണ്ടാക്കിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ബേണി സാന്‍ഡേഴ്സിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന. ഡല്‍ഹിയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബേണി സാന്‍ഡേഴ്‌സ് ട്രംപിനെ വിമര്‍ശിച്ചത്. ഇന്ത്യാ സന്ദര്‍ശനവേളയില്‍ ന്യൂഡല്‍ഹിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പ്രസ്താവന നേതൃത്വപരാജയമാണെന്നാണ് സാന്‍ഡേഴ്‌സ് ട്വിറ്ററിലൂടെ ആരോപിച്ചത്. യുഎസ് രാജ്യാന്തര ധനകാര്യ വികസന കോര്‍പറേഷന്‍ (യുഎസ്‌ഐഡിഎഫ്‌സി) ഇന്ത്യയില്‍ ഓഫിസ് തുറക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും ട്രംപിന്റെ മകള്‍ ഇവാന്‍ക അറിയിച്ചു.