ബഹ്​റൈൻ എയർപോർട്ടിൽ നിയന്ത്രണങ്ങൾ കർശനമാക്കി

മനാമ: കോവിഡ്^19െന്‍റ പശ്ചാത്തലത്തില്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പുതിയ സംവിധാനം നടപ്പാക്കുമെന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്ബനി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അല്‍ ബിന്‍ ഫലാഹ് അറിയിച്ചു. വിമാനത്താവള, എയർലൈൻ ജീവനക്കാർക്ക്​ മാത്രമാണ്​ ടെര്‍മിനലിലേക്ക്​ പ്രവേശനം അനുവദിക്കുക. എന്നാൽ, നടക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഒറ്റക്ക് യാത്ര ചെയ്യുന്ന കുട്ടികക്കൊപ്പം വരുന്ന സഹായിയെയും പ്രത്യേക അനുമതിയോടെ ടെര്‍മിനലില്‍ പ്രവേശിപ്പിക്കും. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഫേസ് മാസ്ക്ക് നിര്‍ബന്ധമാണ്. എയര്‍പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള പി.പി.എഫ് വെന്‍ഡിങ് മെഷീനില്‍നിന്ന് മാസ്ക്, ഹാന്‍ഡ് സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ലഭിക്കും. വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ്​ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം. ടെര്‍മിനലിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം. യാത്രക്കാര്‍ സ്പര്‍ശിക്കാന്‍ ഇടയുള്ള സ്ഥലങ്ങളെല്ലാം ഇടക്കിടെ അണുവിമുക്തമാക്കും. പ്ലാസ്റ്റിക് സെക്യൂരിറ്റി ട്രേകള്‍ സെക്യൂരിറ്റി കേന്ദ്രങ്ങളുടെ കവാടങ്ങളിലും പുറത്തേക്കുള്ള വഴിയിലും അണുവിമുക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.