ഫ്‌ലോയിഡ് സംഭവം; പ്രതിഷേധം തുടരുന്നു

അമേരിക്കയില്‍ പോലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ സംസ്‌കാരം ഹൂസ്റ്റണില്‍ നടന്നു. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അയവുവന്നിട്ടില്ല. റിപ്പോര്‍ട്ട് കാണാം. ലോകത്തെ പിടിച്ചുലച്ച ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെതുടര്‍ന്നുള്ള പ്രതിഷേധത്തിന് അയവുവന്നിട്ടില്ല. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം തുടരുന്നു. അതേ സമയം ചിലയിടങ്ങളില്‍ സമാധാന റാലികളും നടക്കുന്നുണ്ട്. പ്രതിഷേധത്തിനിടെ മിനെസോട്ടയിലെ പൊലീസ് കാറുകളുടെ ടയറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതും പ്രതിഷേധ തെരുവുവളില്‍ വളരെ വേഗത്തില്‍ വാഹനം ഓടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നതും ഒഴിവാക്കാന്‍ വേണ്ടിയാണ് പൊലീസ് അപ്രകാരം ചെയ്തത് എന്നാണ് ഉദ്ധ്യോഗസ്ഥര്‍ പറയുന്നത്. യൂണിഫോം ഇടാത്ത പൊലീസുകാരാണ് ഇത്തരത്തില്‍ വാഹനങ്ങളിലെ ടയറുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നും പറയപ്പെടുന്നു. അതേ സമയം പ്രക്ഷോപത്തിനിടെ കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയുടെ റോഡിന് കുറുകെയുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചത്് അപമാനകരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെയാണ് സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. വാഷിംഗ്ടണ്‍ ഡി സിയില്‍ പ്രതിഷേധക്കാര്‍ ഒരു പള്ളി കത്തിക്കുകയും ലിങ്കന്‍ സ്മാരകങ്ങള്‍ പോലുള്ളവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.