ഫ്രാന്‍സിലെ ഓറഞ്ച് കമ്പനിയും വാവേയെ ഒഴിവാക്കുന്നു; എറിക്‌സണും നോകിയയ്ക്കും പിന്തുണ

പാരീസ്: ചൈനീസ് ടെലികോം ഭീമനെ ഒഴിവാക്കലിന് തുടക്കമിട്ട് ഫ്രാന്‍സിന്റെ കമ്പനിയായ ഓറഞ്ച് രംഗത്ത്. വാവേയുടെ 5ജി നെറ്റ് വര്‍ക്കുമായി ഒരു തരത്തിലുള്ള പങ്കാളിത്തവും വേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. യുറോപ്പില്‍ മികച്ച സ്വാധീനമുള്ള മൊബൈല്‍ സേവന ദാതാക്കളാണ് ഓറഞ്ച്. അമേരിക്ക ചൈനയുടെ മേല്‍ തീരുമാനിച്ചിരിക്കുന്ന കടുത്ത നിരോധനങ്ങളുടെ ചുവടുപിടിച്ചാണ് ഫ്രാന്‍സ് അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളും നീങ്ങുന്നത്

ചൈനയുടെ നെറ്റ് വര്‍ക്കുകള്‍, മറ്റ് സാങ്കേതിക സംവിധാനങ്ങളിലൂടെ വന്‍തോതില്‍ ചാരപ്പണി നടക്കുന്നുവെന്ന അമേരിക്കയുടെ തുടര്‍ച്ചയായ വാദത്തിന് വലിയ സ്വീകാര്യ തയാണ് കിട്ടുന്നത്. 30 രാജ്യങ്ങളാണ് നിലവില്‍ ചൈനയുടെ ടെലികോം ഭീമനെതിരെ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാഴ്ച മുന്നേ തന്നെ ഫ്രഞ്ച് ഭരണകൂടം പൊതു സൂചനയായി നിലവിലുള്ള 5ജി മേഖലയിലെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. നിലവില്‍ വാവേയുമായുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട് അടുത്ത ഘട്ടം പുതുക്കേ ണ്ടെന്നാണ് നിര്‍ദ്ദേശം. ചൈനയെ പരിഗണിക്കരുതെന്ന മുന്നറിയിപ്പ് ഈ മാസം 23-ാം തീയതിയാണ് പ്രഖ്യാപിച്ചത്.

ഫ്രാന്‍സിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ ആന്‍സിയാണ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പലരോടും ജൂലൈ 31-ാം തീയതിവരെ മാത്രമാണ് ചൈനീസ് വാവേ കമ്പനിയുമായുള്ള പങ്കാളിത്തത്തിന് അനുവദിച്ചിരിക്കുന്നത്. 2028 വരെ കരാര്‍ ഒപ്പിട്ട കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. 8 വര്‍ഷം വരെ ലൈസന്‍സാണ് യൂറോപ്പിലെ എറിക്‌സണും നോക്കിയയ്ക്കും ഫ്രാന്‍സ് നല്‍കുന്നത്. ചൈനീസ് കമ്പനികള്‍ക്ക് മുന്നും അഞ്ചും വര്‍ഷത്തെ ലൈസന്‍സായി ഫ്രാന്‍സ് നിജപ്പെടുത്തിയിരുന്നു. ഇവയാണ് തീരുന്ന മുറയ്ക്ക് പുതുക്കരുതെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.