ഫോമാ നഴ്സിംഗ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം സെപ്റ്റംബര്‍ 26 ന്

ഡാളസ്: ഫോമാ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നഴ്സിംഗ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച, അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം രാവിലെ കൃത്യം ഒന്‍പതു മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ അര്‍ഹരായ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ കൈമാറും. (ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ ഇരുപത്തിയാറാം തീയതി വൈകിട്ടു ആറരയ്ക്ക്).

അന്‍പത്തിയെട്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോമായുടെ നഴ്സിംഗ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുന്നത്. ഇതിനായി, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, കേരള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകൃത നഴ്സിംഗ് വിദ്യാലയങ്ങളില്‍ നിന്നും നേരിട്ട് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ നിന്ന്, മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍. ഇപ്പോള്‍ നഴ്സിംഗ് പഠനം തുടര്‍ന്നുകൊണ്ടിരിക്കുന്നവരെയാണ് ഇതിനായി പരിഗണിച്ചത്. അന്‍പതിനായിരം രൂപയുടെ ഈ സ്‌കോളര്‍ഷിപ്പ്, ഈ കോവിഡ് മഹാമാരി കാലത്ത് ഇവര്‍ക്ക് വലിയ ഒരു സഹായകമാകും. സ്‌കോളര്‍ഷിപ് തുക ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിപ്പോസിറ്റ് ചെയ്യുകയാണ്. ഇതിനായുള്ള എല്ലാവിധ നടപടികളും പൂര്‍ത്തിയായി കഴിഞ്ഞു. ഫോമായുടെ പൊതുയോഗത്തില്‍ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയെ പ്രത്യേകം പ്രശംസിച്ചിരുന്നു.

സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി, ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ചു ക്കാന്‍ പിടിച്ച ഫോമാ വിമന്‍സ് ഫോറം ചെയര്‍മാന്‍ രേഖ നായര്‍ അറിയിച്ചു. ഫോമായുടെ റീജിയന്‍ തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം കമ്മറ്റികളുടെ പൂര്‍ണ്ണ സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് വലിയ ഒരു കാരണമായി എടുത്തു പറയേണ്ടതായുണ്ട്. സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത എല്ലാ മഹത് വ്യക്തികളോടുമുള്ള സീമമായ നന്ദി വൈസ് ചെയര്‍ പേഴ്സണ്‍ അബിത ജോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ കുസുമം ടൈറ്റസ്, അഡൈ്വസറി വൈസ് ചെയര്‍ ഗ്രേസി ജെയിംസ്, ഫോമാ വിമന്‍സ് ഫോറം നാഷണല്‍ കമ്മറ്റി മെംബേര്‍സ് എന്നിവര്‍ സംയുക്തമായി രേഖപ്പെടുത്തി.

അന്‍പത്തിയെട്ട് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുവാനുള്ള നിയോഗം ഏറ്റെടുക്കുവാന്‍ സഹായങ്ങള്‍ നല്‍കിയ എല്ലാ സുമനസുകളോടും ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, എന്നിവര്‍ നന്ദി അറിയിച്ചു.