പ്രസിഡന്റായാല്‍ ആദ്യ ദിനം അമേരിക്കയുടെ ലോകാരോഗ്യ സംഘടനയിലെ അംഗത്വം പുതുക്കും; ജോ ബൈഡന്‍

വാഷിങ്ടണ്‍:കോവിഡ് വൈറസിന്റെ ഭീഷണി അറിയിക്കുന്നതിലും, അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ലോകാരോഗ്യ സംഘടന പരാജയപ്പെട്ടതായി ചൂണ്ടി കാണിച്ചാണ് അമേരിക്കയുടെ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം. അമേരിക്കയില്‍ കോവിഡ് സ്ഥിതി വഷളായത് ട്രംപിനു മേല്‍ വലിയ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. അതു കൊണ്ട് തന്നെ മുന്നറിയിപ്പ് ലംഘനത്തിന്റെ പേരില്‍ ഡബ്ല്യൂ.എച്ച്.ഒ യെ പ്രതിസ്ഥാനത്ത് നിര്‍ത്തുവാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നു. കഴിഞ്ഞ മാസം തന്നെ ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം അറിയിച്ചിരുന്നെങ്കിലും അമേരിക്ക ഇന്നലെയാണ് ഇക്കാര്യം ഔപചാരികമായി അറിയിച്ചത്. അടുത്ത ജൂലൈ 6ന് പിന്മാറ്റം ഔപചാരികമായി നിലവില്‍ വരും. ഏപ്രില്‍ മാസം മുതല്‍ ഡബ്ല്യൂ.എച്ച്.ഒ ക്കുള്ള വിഹിതം നല്‍കുന്നത് അമേരിക്ക നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകള്‍ ട്രംപിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ വീഴ്ച മറച്ചു വെക്കാനാണ് ട്രംപിന്റെ തീരുമാനമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായാണ് അധികാരത്തിലേറിയാല്‍ ആദ്യ ദിനം തന്നെ ലോകാരോഗ്യ സംഘടനയിലെ അംഗത്വം പുതുക്കുമെന്ന പ്രഖ്യാപനം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ട്രംപിന്റെ എതിരാളിയുമായ ജോ ബൈഡന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.