പ്രവാസ ലോകത്ത്​ ജാഗ്രതയുടെ പെരുന്നാൾ

ദുബൈ: ഗൾഫിലുടനീളമുള്ള പ്രവാസികൾക്കിടയിലും ​സ്വദേശികൾക്കിടയിലും ഇത്​ ജാഗ്രതയുടെ പെരുന്നാൾ. പെരുന്നാളിനുള്ള കൂട്ടം ചേരലും ആഘോഷങ്ങളും ഒഴിവാക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. യു.എ.ഇ, ഖത്തർ ഭരണകൂടങ്ങളും പെരുന്നാളാഘോഷം വീട്ടിനകത്ത്​ ഒതുക്കണമെന്ന്​ നിർദ്ദേശം നൽകിയിരിക്കുകയാണ്​. ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്​ചയാണ്​ പെരുന്നാൾ. സൗദിയുലടനീളം അഞ്ചുദിവസത്തേക്ക്​ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. യു.എ.ഇയിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്​. പെരുന്നാള്‍ ആഘോഷങ്ങില്‍ ജാഗ്രത കൈവിടരുതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ് ബിന്‍ സായിദ്​ ആൽനഹ്​യാന്‍ നിർദ്ദേശം നൽകി.കോവിഡ് പ്രതിരോധത്തിനായുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വലിയ വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുള്ളത്. രോഗപ്രതിരോധകാര്യത്തില്‍ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഖത്തറിലും പെരുന്നാൾ ദിനത്തിൽ പള്ളികൾ അടഞ്ഞുകിടക്കും. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ പള്ളികളിലെ ജുമുഅ, അഞ്ച് നേരത്തെ ജമാഅത്ത് നമസ്കാരങ്ങള്‍ എന്നിവ റദ്ദാക്കിയത് തുടരുമെന്ന്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുന്നത് വരെ ഇത് തുടരും. പെരുന്നാള്‍ നമസ്കാരങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലും പള്ളികൾ അടഞ്ഞുകിടപ്പാണ്​.