പ്രവാസി തൊഴിലാളികൾക്ക് വേതന സുരക്ഷാ പദ്ധതിയൊരുക്കി സൗദി

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി തയാറാക്കുന്നു. തൊഴിൽ കരാര്‍ അനുസരിച്ചുള്ള വേതനം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തന്നെ ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ അവസാന ഘട്ടം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത് ഒന്ന് മുതല്‍ നാലുവരെ ജീവനക്കാരുള്ള ചെറിയ സ്ഥാപനങ്ങളാണ്. എല്ലാ മാസവും ശമ്പളം തൊഴിലാളികളും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് വ്യവസ്ഥ. കൃത്യ സമയത്ത് ശമ്പളം നല്‍കാതിരിക്കല്‍, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളവും അടിസ്ഥാന വേതനവും തമ്മില്‍ വ്യത്യാസം വരിക തുടങ്ങിയവ വേതന സുരക്ഷാ പദ്ധതിപ്രകാരം നിയമ ലംഘനങ്ങളാണ്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപനത്തിന് ഓരോ തൊഴിലാളിയുടെയും പേരില്‍ മുവായിരം റിയാല്‍ വീതം പിഴ നല്‍കേണ്ടി വരും. കൂടാതെ മൂന്ന് മാസം ശമ്പളം നല്‍കാതിരുന്നാല്‍ തൊഴിലുടമയുടെ അനുവാദം ഇല്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാൻ തൊഴിലാളിക്ക് അവകാശമുണ്ടാവും.