പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ മാസ്‌ക്കുകള്‍ വിപണിയിലിറക്കി സൗദി അറേബ്യ

റിയാദ്: കൊവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ക്ക് വേണ്ടി 14 കോടി മാസ്‌കുകള്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്തതായി അധികൃതര്‍ അറിയിച്ചു. സൗദി ലോജിസ്റ്റിക് സര്‍വീസ് കമ്പനികളുടെ സഹകരണത്തോടെ സൗദി എയര്‍ലൈന്‍സ് കാര്‍ഗോ വിമാനത്തിലാണ് ഇവ എത്തിച്ചത്.  

രാജ്യത്തേക്ക് വിവിധ കവാടങ്ങള്‍ വഴി മെഡിക്കല്‍ വസ്തുക്കള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് പടിഞ്ഞാറന്‍ മേഖല ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൂസ ബിന്‍ സുലൈമാന്‍ അല്‍ഫീഫി അറിയിച്ചു. ഇത്രയും മാസ്‌കുകള്‍ക്ക് 90 ടണ്‍ ഭാരമുണ്ട്. ഉപഭോക്താക്കള്‍ക്ക് മാസ്‌കുകള്‍ ലഭ്യമാക്കുന്നതിലുടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭരണകൂടം കാണിക്കുന്ന പ്രധാന്യമാണ് ഇതിലുടെ വെളിവാകുന്നത്. കൊവിഡ് കാലത്ത് മാസ്‌കിനുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ഫാര്‍മസികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇവ എത്തിക്കും. ഇതിന് പുറമെ രാജ്യത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന മാസ്‌കുകളും വിപണിയില്‍ കൂടുതലായി ലഭ്യമാക്കും.